മാന്യതയോടും മര്യാദയോടും കൂടെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ആക്ഷേപമായി കുറെപ്പേരെങ്കിലും ഉണ്ട്, കേരളാ പോലീസില്‍. പൊതുജനത്തെ അപമാനിക്കാനും ആവശ്യത്തിനും അനാവശ്യത്തിനും സാധാരണക്കാരായ പൊതുജനങ്ങളുടെ മേല്‍ കുതിരകേറാനുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് തോന്നുന്ന രീതിയില്‍ പെരുമാറുന്നവര്‍.
തര്‍ക്കത്തിനിടെ യുവാവിനെ പിടിച്ചു തള്ളുകയും വാഹനമിടിച്ച് അയാള്‍ മരിക്കുകയും പിന്നീട് നിയമത്തെയും ശിക്ഷയെയും നേരിടേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ ജീവന്‍ അവസാനിപ്പിക്കുകയും ചെയ്ത പോലീസുകാരന്റെ അനുഭവം കേരളം കണ്ടതേയുള്ളൂ. എന്നാല്‍ അതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ ഉണ്ടായ എസ്.ഐയുടെ കയ്യേറ്റമാണ് വീഡിയോയില്‍ നിറയുന്നത്. പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു എന്ന പേരിലാണ് പോലീസ് യുവാവിനെ കയ്യേറ്റം ചെയ്തത്.
മയ്യില്‍ എസ്‌ഐയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്‌ഐ യുവാവിനെ പിടികൂടുന്നത്. തുടര്‍ന്ന് പിഴയടക്കാന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറഞ്ഞതോടെ പോലീസ് കഴുത്തിന് പിടിച്ചുതള്ളി. എന്നാല്‍ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറഞ്ഞതോടെ വീണ്ടും യുവാവിന്റെ കഴുത്തിന് പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം.
പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവാവിന്റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. സ്ഥലത്തെ എസ്‌ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്.