നാഗ്പൂർ: വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ 14 വയസുകാരൻ അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ച സങ്കടത്തില്‍ തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടി തൂങ്ങിമരിച്ചത്. ഗെയിം കളിക്കാൻ അനുവദിക്കാതെ മൊബൈൽ വാങ്ങിവച്ചതിലുള്ള മാനസിക പ്രയാസത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്ന കൗമാരക്കാരൻ കഴിഞ്ഞ ഒരു വർഷമായി സ്കൂളില്‍ പോയിരുന്നില്ല. അമ്മയും സഹോദരിയും ജോലിക്ക് പോയാല്‍ മണിക്കൂറുകളോളം ഫോണില്‍ ഗെയിം കളിക്കുന്നതായിരുന്നു പ്രധാനവിനോദം. അടുത്തിടെ അമ്മ മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് മൊബൈല്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങിവച്ചു. ഇതോടെ കടുത്ത മാനസിക പ്രയാസം അനുഭവിച്ച കുട്ടി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.