സ്വന്തം ലേഖകന്‍
കോട്ടയം: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്കിയ സുപ്രീം കോടതി വിധി വന്നതുമുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പേരാണ് തൃപ്തി ദേശായിയുടേത്. ചരിത്രപ്രധാന വിധിക്ക് കോടതി സ്റ്റേ അനുവദിക്കാത്ത പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുമെന്ന പ്രഖ്യാപനമാണ് തൃപ്തി നടത്തിയിരിക്കുന്നത്.
മണ്ഡലകാലമാരംഭിക്കുന്ന ആദ്യദിനം തന്നെ അവര്‍ ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തനിക്ക് പ്രത്യേക സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുമയച്ചുകഴിഞ്ഞു. നാളെ വൈകുന്നേരത്തോടെ അവര്‍ കൊച്ചിയിലെത്തും. ഹാപ്പി ടു ബ്ലീഡ്, എന്നു പറഞ്ഞാണ് സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനുള്ള കാമ്പയിന് അവര്‍ ആരംഭിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവുകൂടിയാണ് തൃപ്തി. രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട തൃപ്തി ദേശായി ആരാണ്?
ശ്രദ്ധേയയാകുന്നത്…
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ശനി ശിംഗ്്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാന്‍രാഗിണി ബ്രിഗേഡും വാര്‍ത്തകളിലിടം നേടിയത്.
2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലില്‍ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ ഇവരുടെ പോരാട്ടം ഫലം കണ്ടു. ശനി ശിംഗ്്നാപുര്‍ സംഭവത്തിനു മുമ്പ് കോലാപുരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും സമാനമായ സംഭവമുണ്ടായി. ക്ഷേത്രത്തിന്റെ മാനേജ്മെന്റ് പ്രവേശനത്തിന് അനുമതി നല്‍കിയെങ്കിലും അവിടുത്തെ പൂജാരിമാര്‍ തടയുകയും ഇതേത്തുടര്‍ന്ന് പൂജാരിമാര്‍ അറസ്റ്റിലാവുകയും ചെയ്തു. നാസ്ിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രത്തിലും ഇവര്‍ പോലീസിന്റെ അകമ്പടിയോടെ പ്രവേശിച്ചിട്ടുണ്ട്.
ഹാജി അലി ദര്‍ഗ
2012ലാണ് മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഇതിനെതിരേ രംഗത്തുവന്ന തൃപ്തി 2016 ഏപ്രിലില്‍ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സുഹൃത്തുക്കളോടൊപ്പമെത്തി ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തില്‍ തടഞ്ഞു. ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014ല്‍ ഭാരതീയ മുസ്്ലിം മഹിളാ ആന്ദോളന് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടര്‍ന്ന് തൃപ്തിയുടെ നേതൃത്വത്തില്‍ 2016 മേയില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
തുടക്കം
2003ല്‍ ചേരിനിവാസികളുടെ പുനരധിവാസം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 2007 ല്‍ എന്‍സിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍നിരയില്‍ തൃപ്തിയുമുണ്ടായിരുന്നു. അന്ന് തൃപ്തിക്ക് പ്രായം 22 വയസ്.
35000 പേര്‍ക്ക് നിക്ഷേപമുള്ള ബാങ്കില്‍ 29000 പേര്‍ക്ക് നിക്ഷേപം തിരിച്ചു കൊടുക്കാന്‍ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ തൃപ്തിയുടെ സംഘടനയും പങ്കു ചേര്‍ന്നു.40 പേരുമായി 2010ലാണ് ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയില്‍ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തങ്ങളുടെ പോരാട്ടമെന്നാണ് തൃപ്തിയുടെ പ്രഖ്യാപനം.
രാഷ്്ട്രീയം
2012ല്‍ പൂന മുനിസിപ്പല്‍ കോര്പ്പറേഷന് തെരെഞ്ഞെടുപ്പില്‍ തൃപ്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. തെരെഞ്ഞെടുപ്പിലെ തോല്‍വിയോടെ രാഷ്ട്രീയത്തില്‍ നിന്നകന്നു. രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ഒരേ രീതിയിലാണ് താന്‍ കാണുന്നതെന്നും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശ്യമില്ലെന്നുമാണ് ഇപ്പോള്‍ 33കാരിയായ തൃപ്തിയുടെ നിലപാട്.
കര്‍ണാടകയിലെ നിപാന്‍ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവം ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി. ഭര്‍ത്താവ് പ്രശാന്ത് ദേശായ്, ആറ് വയസുള്ള മകനുമുണ്ട്.
തൃപ്തിക്കൊപ്പം മല ചവിട്ടാന്‍ ആറുപേര്‍
ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്കൊക്കം മല ചവിട്ടാനുള്ള ഉദ്ദേശ്യവുമായി ആറു യുവതികള്‍ കൂടിയെത്തും. 29നും 46നും മധ്യേ പ്രായമുള്ളവരാണ് അവര്‍. മനീഷ രാഹുല്‍, സ്വാതി, സവിത, സംഗീത, ലക്ഷ്മി, മീനാക്ഷി ഷിംഗ്ഡേ എന്നിവരാണ് തൃപ്തിയെ അനുഗമിക്കുന്നവര്‍. ഏവരും ഭൂമാതാ ബ്രിഗേഡിലെ അംഗങ്ങളാണ്.
തടയുമെന്ന് സുരേന്ദ്രൻ
കോട്ടയം: തൃപ്തി ദേശായി ശബരിമലയി ലെത്തിയാൽ തടയുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
ഭീഷണിയുണ്ട്, എങ്കിലും മല ചവിട്ടും: തൃപ്തി
കോട്ടയം: തന്റെ ജീവനു ഭീഷണിയുണ്ടെങ്കിലും തീരുമാനത്തിൽ ഉറച്ചുതന്നെയെന്ന് തൃപ്തി ദേശായി. നെടുന്പാശേരി വിമാനത്താവളത്തിൽ കാലുകുത്തിയാൽ ആ കാലും കൈയും വെട്ടുമെന്നും ശരീരം തുണ്ടം തുണ്ടമാക്കി മഹാരാഷ്ട്രയിലേക്ക് അയച്ചുകൊടുക്കുമെന്നുമാണ് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് അവർ ആരോപിച്ചു. കേരളത്തിൽ തന്റെ സുരക്ഷ അതീവ ഗുരുതരമാണെന്നിരിക്കേയാണ് മുഖ്യമന്ത്രിയോടു പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടതെന്നും തൃപ്തി പറയുന്നു.
തന്റെ സുരക്ഷയുടെ ഉത്തരവാദിത്വം സർക്കാരിനാണെന്നും എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരവാദിയെന്നും തൃപ്തി പറയുന്നു. തനിക്കും തന്റെ കൂട്ടാളികൾക്കും മലകയറാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താൻ കത്തയച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
സ്ത്രീ പ്രവേശനം സാധ്യമാക്കും എന്ന് ഉദ്ദേശ്യത്തോടെയാണ് താനെത്തുന്നതെന്ന് അവർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ സർക്കാരിന് കാര്യങ്ങൾ വിഷമകരമാകുമെന്നു തീർച്ച. തൃപ്തിക്കു മാത്രമായി പ്രത്യേക സുരക്ഷയൊരുക്കാനാവില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.