ആലപ്പുഴ: ബീച്ചിൽ അധ്യാപകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. കഴിഞ്ഞദിവസം രാത്രി ബീച്ചിലെ ഹോമിയോ ആശുപത്രിക്കു സമീപത്തുള്ള കാറ്റാടിക്കാടിനടുത്തായിരുന്നു സംഭവം. നഗരത്തിലെ സ്കൂളിലെ താത്കാലിക അധ്യാപകനായിരുന്നു ആക്രമിക്കപ്പെട്ടത്.
അധ്യാപകന്റെ മാലയും മോതിരവും പഴ്സും പണവും നഷ്ടപ്പെട്ടിരുന്നു. രാത്രി ഒന്പതോടെ ബീച്ചിലെത്തിയ അക്രമിസംഘം പഴ്സ് നഷ്ടപ്പെട്ടെന്ന വ്യാജേന മൊബൈൽ ഫോണിൽ വെളിച്ചം തേടിയാണ് അധ്യാപകനെ സമീപിച്ചത്. ഇതിനിടെ പിന്നിൽ നിന്നും അടിയേൽക്കുകയായിരുന്നു.
കണ്ണിൽ മണ്ണും വാരിയിട്ടു. പരിക്കേറ്റ അധ്യാപകൻ മെഡിക്കൽ കോളജിൽ ചികിത്സയും തേടി. സൗത്ത് പോലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.