ആലുവ: വാഹന മോഷണമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ യുവാവ് ആലുവ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ. ആലുവ കഐസ്ആർടിസി സ്റ്റാൻഡിന്റെ പരിസരത്തുനന്നും ബൈക്ക് മോഷ്ടിച്ച് തമിഴ്നാട്ടിൽ വിൽപന നടത്തിയ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ആൽവിൻ ജോണി(25)നെയാണ് മൂവാറ്റുപുഴ സബ് ജയിലിൽനിന്നും പ്രൊഡക്ഷൻ വാറന്റ് മുഖേന ഇന്നലെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ തമിഴ്നാട്ടിലെ ഉത്തമപാളയത്ത് എത്തിച്ച് മോഷ്ടിച്ച ബൈക്ക് പോലീസ് കണ്ടെത്തി.ആറ് മാസം മുന്പായിരുന്നു സംഭവം. ആലുവ കഐസ്ആർടിസി സ്റ്റാൻഡിലെ ജീവനക്കാരന്േറതായിരുന്നു നഷ്ടപ്പെട്ട ബൈക്ക്. സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ഇടുക്കിയിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂവാറ്റുപുഴ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പാലാരിവട്ടത്ത് കാർ മോഷ്ടിച്ചതിനും കഞ്ഞിക്കുഴിയിൽ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയായിരുന്നു ഇയാൾ. ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നിർദേശപ്രകാരം സിഐ വിശാൽ കെ. ജോണ്സണ്, എസ്ഐമാരായ എം.എസ്.ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.