യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുക്കുടിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ മലയാളി ചെവി കൊടുക്കാറുണ്ട്. ഒരു പ്രളയം കേരളത്തെയും മലയാളികളെയും അത്രയധികം ബുദ്ധിമുട്ടിച്ചു. അനേകം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണമെന്ന് ഒമാനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുകയാണ് മുരളി തുമ്മാരുക്കുടി. തുമ്മാരുക്കുടിയുടെ വാക്കുകള്‍ ഇങ്ങനെ…
മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണം…
1999 മുതല്‍ നാല് വര്‍ഷം ഒമാനില്‍ ആയിരുന്നു ജോലി. വേനല്‍ക്കാലത്ത് പൊടിക്കാറ്റ് ഉണ്ടാകുന്‌പോള്‍ വിന്‍ഡോ കഌന്‍ ചെയ്യാനല്ലാതെ കാറിന്റെ വൈപ്പര്‍ ഉപയോഗിച്ച ഓര്‍മ്മയില്ല. മഴ കാണാനായി മസ്‌കറ്റിലുള്ളവര്‍ സലാല വരെ പോകുന്നതുകണ്ട് അതിശയം വിചാരിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇപ്പോള്‍ ഏറെ മാറി. 2007 ല്‍ ഗോനു കൊടുങ്കാറ്റ് ഒമാനില്‍ വലിയ മഴയും വെള്ളപ്പൊക്കവും, ആള്‍ നാശവും, അര്‍ത്ഥനാശവും ഉണ്ടാക്കി. അതിനുശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ഇടക്കിടക്ക് കേള്‍ക്കാറുണ്ട്. ഖത്തര്‍ മുതല്‍ കുവൈറ്റ് വരെയുള്ള പ്രദേശങ്ങളില്‍ നിന്നും ഇപ്പോള്‍ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും വാര്‍ത്തകള്‍ വരുന്നു. മലയാളികള്‍ ധാരാളമുള്ള സ്ഥലങ്ങളാണ്. അവര്‍ എന്ത് ചെയ്യണം?
1. ‘ഞങ്ങള്‍ മലയാളികളാണ്, മഴ ഒക്കെ കുറെ കണ്ടിട്ടുണ്ട്, ഓ ഇതൊക്കെ എന്ത്’ എന്ന ഭാവം ആദ്യം ഉപേക്ഷിക്കണം. നാട്ടിലെ മഴയല്ല ഗള്‍ഫിലെ മഴ. അര മണിക്കൂറുകൊണ്ട് പോലും വെള്ളപ്പൊക്കം ഉണ്ടാകും എന്നതിനാല്‍ മഴയെ അല്പം ബഹുമാനത്തോടെ, വേണമെങ്കില്‍ അല്പം പേടിയോടെ കണ്ടോളൂ.
2. നാട്ടിലെ തോട്ടില്‍ അരക്കൊപ്പം വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയതും കുളത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ കുളിക്കാന്‍ പോയതും ഓര്‍ത്ത് ഗള്‍ഫിലെ ‘വാദി’യിലെ (വല്ലപ്പോഴും മാത്രം വെള്ളം ഒഴുകുന്ന വരണ്ട നദികളെയാണ് ഗള്‍ഫില്‍ വാദി എന്ന് പറയുന്നത്) വെള്ളത്തെ കാണരുത്. ഒരടി വെള്ളം മതി നിങ്ങളെ കമഴ്ത്തിയടിക്കാന്‍, മുങ്ങി മരിക്കാന്‍ മൂക്ക് മുങ്ങാനുള്ള വെള്ളവും.
3. ഗള്‍ഫിലെ നഗരങ്ങള്‍ അതിവേഗത്തിലാണ് വളര്‍ന്നിരിക്കുന്നത്. നഗരപ്രാന്തങ്ങളില്‍ പണ്ട് വാദികള്‍ ആയിരുന്നിടത്തൊക്കെ വില്ലയും ഫഌറ്റും ഉണ്ടാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്നതിനാല്‍ വെള്ളം റോഡിലൂടെ കയറിവരാറും ഉണ്ട്. സൂക്ഷിക്കുക. അരയടി വെള്ളം ഒഴുകുന്ന റോഡില്‍ പോലും വാഹനങ്ങള്‍ സുരക്ഷിതമല്ല.
4. നാട്ടിലെ നൊസ്റ്റാള്‍ജിയ ഓര്‍ത്ത് മഴ വരുന്‌പോള്‍ അത് കാണിക്കാനായി കുട്ടികളെയും കൊണ്ട് പുറത്തിറങ്ങരുത്. ഗള്‍ഫില്‍ മഴക്കാലത്ത് വലിയ ഇടിമിന്നല്‍ ഉണ്ടാകാം, ആലിപ്പഴം വീഴുന്നതും അസാധാരണമല്ല. പൊടിക്കാറ്റില്‍ നിന്നും എണ്ണ ഉല്പാദിപ്പിക്കുന്നിടത്തു നിന്നുമുള്ള മാലിന്യങ്ങളും മഴയില്‍ ഉണ്ടാകാം.
5. മഴ ‘ക്ലാര’യാണ് എന്നോര്‍ത്ത് റൊമാന്റിക് െ്രെഡവിന് പോകരുത്. സാധാരണയില്‍ കൂടുതല്‍ റിസ്‌ക് ഉള്ള സമയമാണ്, വിസിബിലിറ്റി കുറവ്, ബ്രെക്കിട്ടാല്‍ വണ്ടി വിചാരിച്ചിടത്ത് നില്‍ക്കില്ല. അപകടം തുരുതുരെ ഉണ്ടാകുന്ന സമയമായതിനാല്‍ ആശുപത്രിയില്‍ പോയാലും വെയിറ്റ് ചെയേണ്ടി വരും, വേണ്ട…
6. വാഹനം ഓടിക്കുന്ന സമയത്ത് മഴ വന്നാല്‍ ഹെഡ്‌ലൈറ്റിട്ട് മുന്‍പിലുള്ള വാഹനങ്ങളുമായി സാധാരണ ഇടുന്ന ഗ്യാപ്പിന്റെ ഇരട്ടിയിട്ട് സാധാരണയിലും കുറഞ്ഞ സ്പീഡില്‍ ഓടിക്കുക. നിങ്ങളുടെ വാഹനം രണ്ടു സെക്കന്‍ഡ് കൊണ്ട് ഓടുന്ന ദൂരമാണ് മുന്‍പിലെ വാഹനവുമായി ഇടേണ്ട ഗ്യാപ്പ്. എഴുപത് കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന വാഹനം മുന്‍പിലെ വാഹനവുമായി നാല്പത് മീറ്റര്‍ ഗ്യാപ്പെങ്കിലും ഇടണം. മഴ സമയത്ത് ഇരട്ടിയും. റോഡില്‍ തിരക്കും മഴയുമുള്ള സമയത്ത് അവിടുത്തെ നിയമം അനുസരിച്ച് ഹസാഡ് ലൈറ്റ് ഇടാം.
7. നിങ്ങളുടെ വീടോ ഫഌറ്റോ ഇരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ എര്‍ത്ത് ഇമേജ് നോക്കിയാല്‍ അതൊരു വാദി ആണെങ്കില്‍ നഗരത്തിന് പുറത്തുള്ള ഭാഗത്തെ ഭൂപ്രകൃതിയില്‍ നിന്നും എളുപ്പത്തില്‍ അറിയാനാകും. പഴയ വടികളില്‍ താമസിക്കുന്നവര്‍, പ്രത്യേകിച്ചും വില്ലകളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകം മുഴുവന്‍ വെള്ളം കയറാനോ, വാഹനങ്ങള്‍ ഒഴുകി പോകാനോ സാധ്യതയുണ്ട്.
8. സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അക്ഷരം പ്രതി പാലിക്കുക. ഇടക്കൊക്കെ മഴയുടെ പ്രവചനം ശരിയായില്ല എന്നതുകൊണ്ട് അതിനെ നിസ്സാരമായി കാണരുത്. വീട് വിട്ട് മാറണമെന്ന് പറഞ്ഞാല്‍ മടിക്കരുത്. വീടിന് പുറത്തിറങ്ങരുതെന്ന് പറഞ്ഞാല്‍ ഇറങ്ങരുത്. എല്ലാ സമയവും സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുക.
9. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിനെ പരസ്പരം സുരക്ഷക്കായി ഉപയോഗിക്കുക. വില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ഫഌറ്റിലേക്കും താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥലത്തേക്കും മാറാനുള്ള ഓരോ ഓപ്ഷന്‍ കണ്ടുവെക്കുക.
10. ഒരു കാരണവശാലും നാട്ടിലെപ്പോലെ കിട്ടുന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് ഒന്നും ഫോര്‍വേഡ് ചെയ്യരുത്. ഗള്‍ഫ് നാടുകളില്‍ നിയമങ്ങള്‍ ശക്തമാണ്. കരക്കമ്പികള്‍ (rumours) പരത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കുബൂസ് നല്‍കും എന്ന് പറഞ്ഞാല്‍ അവര്‍ നല്കിയിരിക്കും. ‘വേണ്ട ചേട്ടാ’ എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കില്ല.
12. പഴയ കെട്ടിടങ്ങള്‍, പോര്‍ട്ടാകാബിനുകള്‍, ലേബര്‍ ക്യാന്പുകള്‍ ഇവയിലൊക്കെ താമസിക്കുന്നവര്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
13. ഇടിമിന്നല്‍ ഉണ്ടെങ്കില്‍ ആ സമയത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം എടുക്കണം (ഇതിനെ പറ്റിയൊക്കെ മുന്‍പ് പറഞ്ഞിട്ടുള്ളതിനാല്‍ വീണ്ടും പറയുന്നില്ല).
14. വലിയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കില്‍ മൂന്നു ദിവസത്തേക്കുള്ള ഭക്ഷണം, വെള്ളം ഇവ കരുതണം. മൊബൈല്‍ ഫോണും പവര്‍ ബാങ്കും ചാര്‍ജ്ജ് ചെയ്ത് വെക്കണം. വീട്ടില്‍ കറണ്ടു പോയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ സുരക്ഷിതരാണെന്ന വിവരം നാട്ടിലും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിട്ട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വക്കണം. ഗള്‍ഫില്‍ പല മുന്നറിയിപ്പുകളും ഫോണില്‍ വരുന്നതിനാല്‍ ഒരു ഫോണ്‍ എങ്കിലും ഓണ്‍ ചെയ്ത് വെച്ചിരിക്കുന്നതും നല്ലതാണ്.
15. നിങ്ങളുടെ വീടിനും, കാറിനും, ആരോഗ്യത്തിനും, ജീവനും നല്ല ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും വേണം. ആലിപ്പഴം വീണ് കാറിന്റെ ചില്ല് പൊട്ടിപ്പോയാല്‍ അതിന് യൂറോപ്പില്‍ പ്രത്യേക ഇന്‍ഷുറന്‍സ് ആണ്. ഇതും അന്വേഷിക്കണം.
സുരക്ഷിതരായിരിക്കൂ.