മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ചു നഗരസഭ പണികഴിപ്പിച്ച ആധുനിക മത്സ്യമാർക്കറ്റിന്റെ നിർമാണം പൂർത്തിയായെങ്കിലും പ്രവർത്തനമായില്ല. എന്തിനു വേണ്ടിയാണു കോടികൾ മുടക്കി ഇത്തരമൊരു മത്സ്യമാർക്കറ്റ് നിർമിച്ചതെന്നുമാത്രം ജനത്തിനു മനസിലാകുന്നില്ല. അധികൃതരും ഒന്നും പറയുന്നില്ല. കേന്ദ്ര ഫിഷറീസ് വകുപ്പ് അനുവദിച്ച രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഇഇസി മാർക്കറ്റിനു സമീപം മാർക്കറ്റ് പണി കഴിപ്പിച്ചത്.
അഞ്ചു വർഷം മുന്പ് അന്നത്തെ നഗരസഭ ചെയർമാനായിരുന്ന യു.ആർ. ബാബു മുൻകൈയെടുത്താണ് മാർക്കറ്റ് പണി കഴിപ്പിച്ചത്. വർഷങ്ങളായി എംസി റോഡിനോട് ചേർന്നു വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന പച്ചമീൻ മാർക്കറ്റ് ഇവിടെ നിന്നും മാറ്റി പ്രവർത്തനം ആരംഭിക്കാനുള്ള ലക്ഷ്യത്തോടെയാണ് കെട്ടിടം പണികഴിപ്പിച്ചത്.
ആന്ധ്രപ്രദേശ്, ഗുജറാത്ത്, മംഗലാപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് മത്സ്യം എത്തുന്നത്. ഇവിടെനിന്നുമാണ് ഹൈറേഞ്ച് അടക്കമുള്ള മേഖലകളിലെ ചെറുവ്യാപാരികൾ മീൻ കൊണ്ടു പോകുന്നത്. രാത്രി 11ന് ആരംഭിക്കുന്ന കച്ചവടം പുലർച്ചെ വരെ നീണ്ടു നിൽക്കും.
മൊത്ത വില്പനക്കാരും വാങ്ങാൻ വരുന്നവരുമടക്കം നൂറുകണക്കിനാളുകളാണ് രാത്രി എത്തുന്നത്. റോഡിലേക്കിറങ്ങി ആളുകൾ നിൽക്കുന്നതിനാൽ അപകട ഭീഷണിയും നിലനിൽക്കുന്നുണ്ട്. 15 വർഷം മുന്പു നിയന്തണം വിട്ട ബസ് പാഞ്ഞു കയറി നാലു പേർ മരിച്ചിരുന്നു. ഇതേതുടർന്നാണ് പച്ചമീൻ മാർക്കറ്റ് വേണ്ട സൗകര്യം ഒരുക്കി മറ്റൊരു സ്ഥലത്തേക്കു മാറ്റാൻ അധികൃതർ തീരുമാനിച്ചത്.
മൂവാറ്റുപുഴ നഗരത്തോട് ചേർന്നാണ് ആധുനിക രീതിയിൽ ഫിഷ് മാർക്കറ്റ് പണി കഴിപ്പിച്ചത്. എന്നാൽ, നിർമാണം പൂർത്തികരിച്ചിട്ടും മാർക്കറ്റിന്റെ പ്രവർത്തനം മാറ്റി സ്ഥാപിക്കാനായില്ല. വേണ്ടത്ര സൗകര്യത്തോടു കൂടിയല്ല പുതിയ മാർക്കറ്റിന്റെ നിർമാണമെന്നാണ് വ്യാപാരികൾ പറയുന്നത്. മീൻ കൊണ്ടുവരുന്ന വലിയ കണ്ടെയ്നർ ലോറികളടക്കം നിരവധി വാഹനങ്ങളാണ് രാത്രി ഇവിടെ എത്തുന്നത്.
ഇതെല്ലാം പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവടെ ഇല്ല. ഇതിനു പുറമെ വർഷത്തിൽ ഒരു പ്രാവശ്യം വെള്ളം കയറുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ടന്നാണ് ഇവരുടെ പരാതി. അനുയോജ്യമായ സ്ഥലമാണങ്കിൽ മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ സഹകരിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, വാഴപ്പിള്ളിയിലെ മീൻ മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ വ്യാപാരികൾ തയാറായില്ലെങ്കിൽ മറ്റു നടപടികളിലേക്കു പോകാനുള്ള തീരുമാനത്തിലാണ് നഗരസഭ അധികൃതർ. നഗരത്തിലെ അംഗീകൃത ചെറുകിട മത്സ്യ വിൽപനക്കാരെ മുഴുവനായും പുതിയ മന്ദിരത്തിലേക്കു മാറ്റാനും ആലോചിക്കുന്നുണ്ട്. നിലവിൽ നഗരത്തിൽ നിരവധി ചെറുകിട കച്ചവടക്കാരാണുള്ളത്.
ഇതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നു നേരത്തെ മുതൽ പരാതി ഉള്ളതാണ്. ഇതിനു പുറമെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. കീച്ചേരിപടി മുതൽ കെഎസ്ആർടിസി ജംഗ്ഷൻ വരെ നിരവധി ചെറുകിട പച്ച മത്സ്യം മാർക്കറ്റാണ് പ്രവർത്തിക്കുന്നത്. ഇവരെയെല്ലാം ഒരു കുടക്കീഴിലാക്കി പച്ച മത്സ്യവിൽപന സ്റ്റാളുകളാക്കാനാണ് ആലോചിക്കുന്നത്.