പാലക്കാട്: ദേവരഥങ്ങളുടെ സുകൃതദർശനം മനസിലേക്ക് ആവാഹിയ്ക്കാൻ കല്പാത്തിയിലേക്ക് ഒഴുകിയെത്തുന്നതു ആയിരക്കണക്കിനു ഭക്തജനങ്ങൾ. കണ്ണിനും മനസിനും ഭക്തിയുടെ നിറച്ചാർത്തോടെ കുളിർമയേകാൻ ദേവരഥങ്ങൾ നാളെ വൈകുന്നേരം കുണ്ടന്പലത്തിനു മുന്നിലെ തേരുമുട്ടിയിൽ സംഗമിയ്ക്കും.
ഭക്തിയുടെയും കൂട്ടായ്മയുടെയും വലയത്തിലാണ് കല്പാത്തിയിപ്പോൾ. അഗ്രഹാരവീഥികളെ തഴുകിയെത്തുന്ന തേരുകാറ്റിനും പറയാനുള്ളത് സംവത്സരങ്ങളുചെ കൂട്ടായ്മയുടെയും പൈതൃകത്തിന്റെയും ഉത്സവഗാഥകൾ. പതിവുപോലെ ഇത്തവണയും അഭൂതപൂർവമായ ജനത്തിരക്കാണ് രഥോത്സവത്തിന് അനുഭവപ്പെടുന്നത്.
രണ്ടാം തേരുദിനമായ ഇന്ന് രാവിലെ പുതിയ കല്പാത്തി മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം നടന്നു. തുടർന്ന് അഗ്രഹാരവീഥികളെ ധന്യമാക്കി രഥപ്രയാണം പുനരാരംഭിച്ചു. നാളെ വൈകുന്നേരം തുലാം മാസത്തിലെ അവസാന സായന്തനത്തിൽ ദേവരഥങ്ങൾ സംഗമിയ്ക്കും. ഇതിന്റെ ദർശനം നുകർന്നാൽ കാശിയിൽ പാതി പുണ്യം ലഭിയ്ക്കുമെന്നാണ് വിശ്വാസം.
നാളെ പ്രാദേശിക അവധി
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചു പാലക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നു ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കു അവധി ബാധകമല്ല.