തൃശൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ 80 സ്കൂളുകളിലെ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കിയതുപോലെയുള്ള മാതൃകാപ്രവർത്തനങ്ങൾ സംസ്ഥാനത്തെ എല്ലാ സ് കൂളുകളിലും നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. ഇന്നു മുതൽ 23 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കയ്പമംഗലം മാതൃകയിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കും. പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ശേഖരണം.
ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ 24 നു കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷനു നല്കി പണം സ്വീകരിക്കും.
കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഒരു ലക്ഷത്തോളം കുപ്പികളാണ് കുട്ടികൾ പ്രളയത്തെതുടർന്ന് ശേഖരിച്ചുവിറ്റത്. ഇതിൽനിന്നും 45,000 രൂപ ലഭിക്കുകയും ചെയ്തു. ഈ തുക കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രളയാക്ഷരങ്ങൾ എന്ന പുസ്തകം വാങ്ങാനുമാണ് മാറ്റിവച്ചത്.
കയ്പമംഗലം മാതൃകയിൽ എല്ലാ സ്കൂളുകളിലും ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി ഏകോപിപ്പിച്ചു നടത്തുന്നതിനു വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കാണ് പ്രവർത്തനത്തിന്റെ മേൽനോട്ടമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കയ്പമംഗലം നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി അക്ഷരകൈരളിയുടെ ഭാഗമായുള്ള സ്വരക്ഷയുടെ നവനിർമിതി പദ്ധതിയോടനുബന്ധിച്ചാണ് വിദ്യാർഥികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വില്പന നടത്തിയത്.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പി ടിഎ ഭാരവാഹികൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ എല്ലാവരുടെയും സഹകരണം കൊണ്ടാണ് പദ്ധതി മികച്ച വിജയം നേടിയതെന്നും, അതുകൊണ്ടാണ് പദ്ധതി സംസ്ഥാനതലത്തിൽ നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നും, കയ്പമംഗലം മണ്ഡലത്തിന് ഇതൊരു വലിയ അംഗീകാരമാണെന്നും ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ പറഞ്ഞു.