തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ടാക്സി സേവനമായ ഊബറിന്റെ ഫുഡ് ആപ്പിനോട് മത്സരിക്കാന്‍ പ്രതിയോഗിയായ ഓലയും. ഒലയുടെ ഫുഡ് പ്ലാറ്റ്ഫോമായ ഫുഡ് പാണ്ടയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചത്. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഊബറിന്റെ ഫുഡ് ഡെലിവറി സര്‍വീസ്. കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ ഊബറിനെ കടത്തിവെട്ടാമെന്നാണ് ഓലയുടെ കണക്കുകൂട്ടല്‍.
ജര്‍മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമായി ആരംഭിച്ച ഫുഡ് പാണ്ടയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ ഡിസംബറിലാണ് ഓണ്‍ലൈന്‍ ടാക്സി സേവനമായ ഒല ഏറ്റെടുത്തത്. ഇതോടെയാണ് ഓണ്‍ലൈന്‍ ടാക്സി രംഗത്തെ രണ്ടു പ്രമുഖ കമ്പനികള്‍ ഭക്ഷണവിതരണ രംഗത്തും ഏറ്റുമുട്ടുമെന്നുറപ്പായത്. ഊബറിനും ഒലയ്ക്കും പുറമെ സൊമാറ്റോ, സ്വിഗ്ഗി എന്നിവയും കഴിഞ്ഞ രണ്ടാഴ്ച മുന്‍പുതന്നെ നഗരത്തില്‍ ചുവടുറപ്പിച്ചിരുന്നു.
4 ഫുഡ് പ്ലാറ്റ്ഫോമുകള് സജീവമായതോടെ നഗരത്തിലെ ഡെലിവറി ഏജന്റുമാരുടെ എണ്ണം അടുത്ത മാസത്തോടെ 5,000 കടക്കുമെന്നാണു സൂചന. ആറു വര്‍ഷം മുന്‍പ് ജര്‍മനിയില്‍ ആരംഭിച്ച ഫുഡ് പാണ്ട ഇന്നു പത്തിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഫുഡ് പാണ്ട മാറ്റിനിര്‍ത്തിയാല്‍ 2016 മുതല്‍ ബാക്കിയുള്ള എല്ലാ രാജ്യങ്ങളിലെയും സേവനങ്ങള്‍ ഡെലിവറി ഹീറോ എന്ന ജര്‍മന്‍ പ്ലാറ്റ്ഫോമിന്റെ കയ്യിലാണ്.
വമ്പന്‍ ഹോട്ടലുകള്‍ മാത്രമല്ല, വഴിയരികില്‍ ചെറിയ കൗണ്ടറില്‍ വില്ക്കുന്നവര് പോലും ഊബര്‍ ഈറ്റ്സില്‍ പങ്കാളിയാണ്. വെള്ളയമ്പലം ജംക്ഷനു സമീപം നടപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന മക്കാച്ചിയുടെ പായസക്കട രുചിപ്രേമികളുടെ പ്രധാനകേന്ദ്രമാണ്. വെള്ളയമ്പലത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഊബര്‍ ഈറ്റ്സിലൂടെ ഒന്നാന്തരം പായസം ബുക്ക് ചെയ്യാം. ഹോട്ടലുകള്‍ക്ക് ഓണ്‍ലൈനായും ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ഭാഗമാകാനുള്ള റജിസ്ട്രേഷന് നടത്താന്‍ സൗകര്യമുണ്ട്. വന്‍കിട കമ്പനികള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് വന്നതോടെ ഭക്ഷണവിതരണ രംഗത്ത് വന്‍വിപ്ലവത്തിനാണ് കളമൊരുങ്ങുന്നത്.