കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി ജനുവരി 22 ന് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവം സുഗമമായി നടക്കാന്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാട്ടണമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം ചെയര്മാന് കെ.മുരളീധരന് എംഎല്‍എ പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നുവെങ്കിലും നെഹ്റു എന്നും വിശ്വാസി സമൂഹത്തിന് സംരക്ഷണം നല്കിയ ഭരണാധികാരിയും നേതാവുമായിരുന്നു.
ലോകത്ത് കുട്ടികള്‍ എറെ ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവും ഭരണാധികാരിയുമുണ്ടായിരുന്നെങ്കില് അത് ജവഹര്‍ലാല്‍ നെഹ്റു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ശിശുദിനം പോലും അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്.
നെഹ്റുവിന്റെ ആശയങ്ങളായ പഞ്ചവത്സര പദ്ധതികളും, സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികളും, ദേശീയ സുരക്ഷ പദ്ധതികളും വിദേശ നയവുമാണ് ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചതെന്ന കാര്യം മോദി ബോധപൂര്‍വം മറക്കുന്നു. കോണ്‍ഗ്രസിനേയും ദേശീയ നേതാക്കളായ നെഹ്റു ഉള്‍പ്പെടെയുള്ളവരുടെ ആശയങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ടി.ശരത്ചന്ദ്രപ്രസാദ്, ചാമക്കാല ജ്യോതികുമാര്‍, പി.ഹരികുമാര്‍, ജി.രതികുമാര്‍, കണ്ണാട് രവി, രാജന്‍ബാബു, താമരക്കുടി വിജയകുമാര്‍, മുട്ടമ്പലം രഘു, വല്ലം പ്രസാദ്, സഫറുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.