കൊട്ടാരക്കര: റൂറൽ പോലീസ് ജില്ലയിലെ ലഹരി വിൽപനക്കാരെ മണത്ത് കണ്ടുപിടിക്കാൻ ഇനി ഹെക്ടർ എന്ന പോലീസ് നായയും ഉണ്ടാവും. കഞ്ചാവും മയക്കുമരുന്നുകളും അടക്കമുള്ള ലഹരി വസ്തുക്കൾ വിദഗ്ധമായി മണത്തു കണ്ടു പിടിക്കാൻ കഴിവുള്ള ഹെക്ടർ എന്ന പോലീസ് നായ ഇന്നലെ സേനയിൽ ചുമതലയേറ്റു. റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇപ്പോൾ സേവനത്തിലുള്ള അർജുൻ എന്ന പോലീസ് നായയുടെ സാന്നിധ്യത്തിലായിരുന്നു ഹെക്ടർ ചുമതലയേറ്റത്.
ഇപ്പോൾ പതിനഞ്ചു മാസം പ്രായമുള്ള ഹെക്ടർ മൂന്നു മാസം പ്രായമുള്ളപ്പോഴാണ് റൂറൽ പോലീസിന് സ്വന്തമാക്കുന്നത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ സേന വിലയ്ക്കു വാങ്ങിയതാണ്. മയക്കുമരുന്നും ലഹരി വസ്തുക്കളും എവിടെ ഒളിപ്പിച്ചിരുന്നാലും കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ഹെക്ടർക്ക് ലഭിച്ചിട്ടുണ്ട്.
പരിശീലന കാലയളവിൽ തന്നെ റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 43 കിലോ കഞ്ചാവ് ഹെക്ടർ കണ്ടെത്തിക്കഴിഞ്ഞു. താമസിയാതെ കൂടുതൽ പരിശീലനത്തിനായി ഹെക്ടറിനെ പഞ്ചാബിലെ ചണ്ടി ഗഡിലേക്കു കൊണ്ടുപോകും. രണ്ടു വയസുള്ള അർജുൻ കുറ്റവാളികളെ പിടികൂടുന്നതിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലും വിദഗ്ധനാണ്.
നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. ഇവരെ രണ്ടു പേരെയും കൂടാതെ റൂറൽ ജില്ലയിലെ ശ്വാന സേനയിൽ ഒരാൾ കൂടിയുണ്ട് അന്ന. അന്നയിപ്പോൾ ചികിൽസയിലാണ്. കുണ്ടറയിലെ പോലീസ് ക്വാർട്ടേഴ്സിനോടു ചേർന്ന് ആധുനിക രീതിയിൽ തയാറാക്കിയിട്ടുള്ള പ്രത്യേക സ്ഥലത്താണ് ഇവരെ പാർപ്പിച്ചു വരുന്നത്.
റൂറൽ പോലീസ് ജില്ലാ മേധാവി ബി.അശോകൻ മധുരം നൽകിയാണ് ഹെക്ടറെയും അർജുനേയും പോലീസ് ആസ്ഥാനത്ത് സ്വീകരിച്ചത്. ചടങ്ങിൽ ജില്ലാ മൃഗ സംരക്ഷണ ഉപമേധാവി ഡോ: ഷൈജുകുമാർ, ഡിവൈഎസ്പിമാരടക്കമുള്ള പോലീസുദ്യോഗസ്ഥരും ശ്വാന സേനാംഗങ്ങളും പങ്കെടുത്തു.