വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ അമരത്തേക്ക് എത്തുന്നത് 2014-15ലെ ഓസ്ട്രേലിയൻ പരന്പരയിലായിരുന്നു. പരിക്കിനെത്തുടർന്ന് എം.എസ്. ധോണി അഡ്ലെയ്ഡിൽനടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പമില്ലായിരുന്നു. കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങി. 184 പന്തിൽനിന്ന് കോഹ്ലി 115 റണ്‍സ് എടുത്തു. ക്യാപ്റ്റനായി ആദ്യ മത്സരത്തിൽ സെഞ്ചുറി നേടുന്ന നാലാമത് ഇന്ത്യൻ താരമെന്ന റിക്കാർഡ് അന്ന് കോഹ്ലി സ്വന്തമാക്കി.
രണ്ടും മൂന്നും ടെസ്റ്റുകളിൽ ധോണി തിരിച്ചെത്തി. മെൽബണിൽനടന്ന മൂന്നാം ടെസ്റ്റ് സമനിലയായതിനുപിന്നാലെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയുടെ ക്യാപ്റ്റനായി കോഹ്ലി അവരോധിക്കപ്പെട്ടു.
കോഹ്ലിയുടെ കീഴിൽ ഇന്ത്യ സിഡ്നിയിൽ കളിച്ച മത്സരം സമനിലയിൽ കലാശിച്ചു. ക്യാപ്റ്റനാക്കപ്പെട്ട മണ്ണിലേക്ക് പടപ്പുറപ്പാടുമായി കോഹ്ലി വീണ്ടും എത്തുന്നതാണ് ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനമെന്നതും പ്രത്യേകതയാണ്.
കോഹ്ലിക്കും ധോണിക്കും സമാനമായ ഒരു പരിവർത്തനം ഓസ്ട്രേലിയൻ ടീമിലും ഉണ്ടായി. പരിക്കേറ്റ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്കിനു പകരക്കാരനായി സ്റ്റീവ് സ്മിത്ത് നേതൃസ്ഥാനത്തേക്ക് എത്തിയതും അന്നത്തെ പരന്പരയിലായിരുന്നു.
പന്ത് ചുരണ്ടൽ വിവാദത്തിലായ സ്മിത്ത് ഇപ്പോൾ ഓസീസ് ടീമിന്റെ ഭാഗമല്ലെന്നതും ശ്രദ്ധേയം. സ്മിത്തിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്.