തിരുവനന്തപുരം: കുട്ടനാട് രണ്ടാംഘട്ടവും മലയോര മേഖലയിൽ മണ്ണിടിച്ചിൽ തടയലും കാർഷിക രീതികൾ മെച്ചപ്പെടുത്തലും സമഗ്ര കോൾ കൃഷി നടപ്പാക്കലും സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മന്ത്രി വി.എസ്. സുനിൽകുമാർ ചർച്ച നടത്തി.
കുട്ടനാടിലെ ജലപ്രശ്നം പരിഹരിക്കാൻ നെതർലൻഡ്സിലെ മാതൃക പഠന വിധേയമാക്കും. കുട്ടനാടിനെപോലെ സമുദ്ര നിരപ്പിലേതിനേക്കാൾ താഴ്ന്ന സ്ഥലത്താണ് നെതർലൻഡ്സ് സ്ഥിതി ചെയ്യുന്നത്. കടലിൽ നിന്നുള്ള ഉപ്പുവെള്ളവും മഴവെള്ളവും ഒരേ സമയം നെതർലാൻഡിൽ നിയന്ത്രണ വിധേയമാക്കുന്നത് പഠന വിധേയമാക്കും.
കുട്ടനാട് രണ്ടാം പാക്കേജിൽ കൃഷിക്കായിരിക്കും മുൻതൂക്കം നൽകുന്നത്. മത്സ്യബന്ധനം, മൃഗസംരക്ഷണം, മണ്ണു സംരക്ഷണം, കോഴിവളർത്തൽ ,ടൂറിസം മേഖലകൾക്ക് തുല്യപ്രാധാന്യം നൽകും. ജൈവ കൃഷി സന്പ്രദായങ്ങളായിരിക്കും കുട്ടനാടും കോൾ പാടങ്ങളിലും നടപ്പാക്കുന്നത്.
മലയോര മേഖലയിലെ മണ്ണിടിച്ചിൽ വിഷയം പരിഹരിക്കാനായി ശ്രീലങ്കയിൽ മണ്ണിടിച്ചിൽ തടയാനായി നടപ്പാക്കിയ പദ്ധതികൾ വിലയിരുത്തി ഉചിതമായവ സ്വീകരിക്കും. സംസ്ഥാനത്ത് 23 പ്രത്യേക ഭൗമ സൂചിക പദവിയുള്ള സ്ഥലങ്ങളും അവയിലെ ഉത്പന്നങ്ങളുമുണ്ട്. ഉത്പന്നങ്ങൾ ആഗോളതലത്തിൽ വിപണനം നടത്താൻ പദ്ധതികൾ തയാറാക്കും.
സംസ്ഥാനത്ത് 29 നാളീകേര ഉത്പാദക കന്പനികളിലായി വ്യത്യസ്ത രുചികളിലും ഗുണങ്ങളിലുമാണ് നീര ഉത്പാദിപ്പിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒറ്റ ബ്രാൻഡിൽ നീര ഉത്പാദനം നടത്തുന്നതും ബ്രാൻഡ് ചെയ്ത് വില്പന നടത്തുന്നതു സംബന്ധിച്ചും ചർച്ച നടത്തി. പ്രാഥമിക ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പദ്ധതികൾ ലോക ബാങ്കിനു സമർപ്പിക്കാനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്.
ചർച്ചയിൽ മാനേജ്മെന്റ് സ്പെഷലിസ്റ്റുകളായ ദിപക്സിംഗ്, സീനിയർ റിസർച്ച് ഡവലപ്മെന്റ് സ്പെഷലിസ്റ്റ് വിനായക് നാരായണൻ, സംസ്ഥാന കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ എന്നിവർ പങ്കെടുത്തു.