നെടുന്പാശേരി: പ്രവർത്തനം ആരംഭിച്ചതു മുതൽ ഇന്നലെവരെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്ര വലിയ പ്രതിഷേധം നടക്കുന്ന് ഇതാദ്യം. കനത്ത സുരക്ഷാ മേഖലയാണു വിമാനത്താവളും പരിസര പ്രദേശങ്ങളും. യാതൊരു വിധത്തിലുള്ള സംഘം ചേരലുകളോ സംഘർഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിക്കലോ ഇവിടെ അനുവദിക്കാറില്ല. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് വിമാനത്താളത്തിലെ സുരക്ഷ.
സീനിയർ കമാൻഡന്റിന്റെ കീഴിൽ അറുന്നൂറോളം സിഐഎസ്എഫ് ഭടൻമാരാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള എല്ലാ സന്നാഹങ്ങളും ഇവിടെയുണ്ട്. ഒരു തരത്തിലുമുള്ള സുരക്ഷാ വീഴ്ചയും വിമാനത്താവള പരിസരത്ത് അനുവദിക്കാറില്ല.
ഗേറ്റിനു പുറത്തുമാത്രമാണു സാധാരണ ഗതിയിൽ ചെറിയ രീതിയിലെങ്കിലും പ്രതിഷേധം ഉണ്ടാകാറുള്ളത്. പ്രധാന ഗെയിറ്റിന് ഉള്ളിലേക്ക് പ്രതിഷേധക്കാരെ കയറ്റിവിടാറേയില്ല. തൃപ്തി ദേശായിയുടെ വരവുമായി ബന്ധപ്പെട്ട് വിമാനത്താവള പരിസരത്ത് ഇത്രയധികം പ്രതിഷേധം ഉയരുമെന്ന് അധികൃതരും പ്രതീക്ഷിച്ചില്ലെന്നാണു സൂചന.