കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ കൊച്ചിന് ഇന്റർനാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) അധികൃതർ. തൃപ്തിക്ക് ഇനിയും വിമാനത്താവളത്തിൽ തുടരാനാകില്ലെന്ന് സിയാൽ എംഡി പറഞ്ഞു. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവർത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സിയാൽ ആവശ്യപ്പെട്ടു.
തൃപ്തി ദേശായിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും ഒരുക്കാൻ കഴിയില്ലെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. സ്വന്തം നിലയിൽ പോകാൻ തയാറാണ്. സുരക്ഷ നൽകാൻ കഴിയില്ലെങ്കിൽ പോലീസിന് വേണമെങ്കിൽ പോകാമെന്നും തങ്ങൾ തിരികെ മടങ്ങില്ലെന്നും തൃപ്തി പറഞ്ഞു.
ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃപ്തി ദേശായി. ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാര്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലാണ് തൃപ്തി ദേശായി.
പൂനയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കു എതിരെ വിമാനത്താവളത്തിന് പുറത്ത് നാമജപങ്ങളുമായി ബിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. തൃപ്തിയെ മടക്കി അയക്കാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.