സ്വന്തം ലേഖകന്‍
സംസ്ഥാനത്തെ നിരവധി കൊലപാതകങ്ങളില്‍ തുമ്പില്ലാതെ പോലീസ് അലയുന്നുണ്ട്.അതില്‍ ഏറ്റവും മുന്‍പന്തിയിലാണ് കോഴിക്കോട് മുക്കത്ത് നടന്ന കൊലപാതകം.ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ‘തലകുത്തി’ നിന്നിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല, എന്നതുപോട്ടെ കൊല്ലപ്പെട്ടതാരെന്നുപോലും മനസിലായിട്ടില്ല. ചാക്കില്‍ കെട്ടി ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളിലായി കൊണ്ടിടുകയെന്ന ‘നൂതന’ കൊലപാതക രീതിയാണ് ഇവിടെ പോലീസിനെ കുഴക്കിയത്.
ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ ‘ആ’ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ക്രൈം ബ്രാഞ്ച് സംഘം നല്‍കുന്നത്. കാരണം എവിടെ തുടങ്ങണമെന്നോ എവിടെഅവസാനിപ്പിക്കണമെന്നോ അറിയാതെ ഉഴലുകയാണിവര്‍. പുതിയ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് പിടിവള്ളിയാക്കാമെന്നുമാതമാണ് പോലീസ് ഇപ്പോള്‍ ചിന്തിക്കുന്നത്. അതേസമയം നാട്ടുകാരുടെ അവസ്ഥയോ, പലരും പതിവായി ഉപയോഗിച്ചിരുന്ന വഴിയിലൂടെ നടക്കാതായി. അങ്ങനെ നാട്ടിലാകെ പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലേക്ക് സംഭവം വളര്‍ന്നു.
സംഭവം ഇങ്ങനെ…
2017 ജൂണ്‍ ആറിന് കൃത്യമായി പറഞ്ഞാല്‍ ഒന്നരവര്‍ഷം മുന്‍പ് വൈകിട്ട് കാരശേരി ഗേറ്റും പടി തൊണ്ടിമ്മല്‍ റോഡില്‍ റബ്ബര്‍ എസ്റ്റേറ്റിന് സമീപത്തെ ആ കാഴ്ച കണ്ട് ഗ്രാമപ്രദേശത്തെ നാട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി. മലയോരഗ്രാമത്തില്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യമായിരുന്നു ഇത്. മാലിന്യക്കൂമ്പാരത്തിനിടയിലാണ് ചാക്കുകെട്ട് കണ്ടെത്തിയത്.
ദുര്‍ഗന്ധം കൂടിയപ്പോള്‍ കോഴി മാലിന്യമെന്ന് ആദ്യം കരുതി.സംശയത്തിനിടെ നാട്ടുകാര്‍ ഇടപെട്ട് ചാക്ക് പൊളിച്ചു.പോലീസിന്റെയും ഡോക്ടര്‍മാരുടെയും പരിശോധനയില്‍ പുരുഷ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരുടെ നെഞ്ചിടിപ്പും ഏറി.
ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യന്റെ കയ്യും കാലും തലയുമില്ലാത്ത ശരീരാവശിഷ്ടം ഉപേക്ഷിച്ചിരിക്കുന്നു. കണ്ടവരും കേട്ടവരും ഒരുപോലെ നടുങ്ങി. ദുര്‍ഗന്ധം വമിച്ച നിലയിലുള്ള മൃതദേഹം പോലീസെത്തിയാണ് പരിശോധിച്ചത്. ആദ്യം നാട്ടുകാരിലാരുടേതെങ്കിലും ആണെന്നായിരുന്നു ചിന്തിച്ചിരുന്നത്. ആ വഴിക്കായിരുന്നു അന്വേഷണവും.
പക്ഷെ നാട്ടിലാരുടേതുമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന് സമ്മര്‍ദവുമായി. അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ ജൂണ്‍ 28-ന് പോലീസിന് ആശ്വാസം നല്കുന്ന വാര്‍ത്തയെത്തി. കാതങ്ങള്‍ അകലെ ചാലിയം കടല്‍ തീരത്ത് നിന്ന് മൃതദേഹത്തിന്റെ വെട്ടിമാറ്റിയ കൈകള്‍ ലഭിച്ചു എന്നവാര്‍ത്തയായിരുന്നു അത്.
തുടര്‍ന്ന് വീണ്ടും അന്വേഷണം…അന്നത്തെ കൊടുവള്ളി സിഐ എന്‍. ബിശ്വാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മുക്കത്തെ പ്രമാദമായ ജ്വല്ലറി മോഷണക്കേസിലെ മൂന്ന് പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ പോയി പിടികൂടിയ സംഘത്തിലെ പോലീസുകാരുള്‍പ്പെട്ട വിദഗ്ധരും ഉണ്ടായിരുന്നു. എന്നാല്‍ മോഷണക്കേസുകള്‍ പോലെയല്ല, ഇതെന്ന് പോലീസിന് വ്യക്തമായി. തെളിവുകള്‍ ഒന്നൊന്നായി അടഞ്ഞു…
പുതിയതെളിവുകള്‍ കാത്ത്…
സംഭവം നടന്ന് ഒന്നര വര്‍ഷം കേസ് തെളിയിക്കുന്നതിനാവശ്യമായ തെളിവൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തോളം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മരിച്ചത് ആരാണന്ന് പോലും ഇതുവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല.
സാഹചര്യ തെളിവുകള്‍ പോലും ലഭിക്കാത്ത കേസായതിനാലും മറ്റു ശരീരാവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാലും അന്വേഷണ സംഘം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തുടക്കത്തില്‍ 2017 ജൂണ്‍ ഒന്നു മുതല്കാണാതായവരെ പറ്റി നടത്തിയ അന്വേഷണത്തില്‍ കേസന്വേഷണത്തിന് സഹായകമായ യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.
മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള് നല്‍കിയിട്ടും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലുമെത്തി അന്വേഷണ സംഘം കാണാതായവരുടെ കണക്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ നീക്കവും ഗുണം ചെയ്തില്ല.
അഞ്ചോളം മിസിംഗ് കേസുകള്‍ നോക്കിയങ്കിലും കണ്ടെടുത്ത ശരീരാവശിഷ്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല. സംഭവ ദിവസത്തേയും സമീപ ദിവസങ്ങളിലേയും നിരവധി ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയെങ്കിലും അതും അന്വേഷണത്തിന് സഹായകമായ രീതിയില്‍ വിജയിച്ചില്ല.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം പുരുഷ മൃതദേഹം കണ്ടെത്തിയതിന് പതിനെട്ട് കിലോമീറ്റര്‍ മാത്രം അകലെ രണ്ടുമാസത്തിന് ശേഷം പറമ്പില്‍ ബസാറില്‍ പുരുഷന്റെ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തിയിരുന്നു. അടിവസ്ത്രമൊഴികെ മറ്റൊന്നും ശരീരത്തില്‍ ശേഷിച്ചിരുന്നില്ല. പ്രത്യക്ഷത്തില്‍ ഈ രണ്ടുസംഭവങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല.
പക്ഷെ ഈ രണ്ടുകേസുകളിലും ആരാണ് കൊല്ലപ്പെട്ടതെന്നോ, കാരണക്കാരായവര്‍ ആരെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങളുടെ പകപോക്കല്‍ . ഇതരസംസ്ഥാനത്തൊഴിലാളികളുടെ രേഖയില്ലാതെയുള്ള കൂടുമാറ്റം തുടങ്ങിയവയെല്ലാം അന്വേഷിക്കേണ്ടിവരുന്നത് കാലതാമസം ഉണ്ടാക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.
അന്വേഷണം
ഇതരസംസ്ഥാനങ്ങളിലേക്കും…
കേരളത്തിലെ ഒട്ടുമിക്ക ജില്ലളിലും എത്തി അന്വേഷണം നടത്തിയ പോലീസ് പിന്നീട് തുമ്പുതേടി ഇതരസംസ്ഥാനങ്ങളിലുമെത്തി. ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണ സംഘം കേസന്വേഷണത്തിനായി പോയത്.
പോലീസിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അടുത്ത് യാതൊരു രേഖകളുമില്ലാത്ത ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലും മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലും കഴിയുന്നത്. അതുകൊണ്ട് തന്നെ മലയോര മേഖലയില്‍ ഇത്തരം തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്ന ആളുകളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇത്തരത്തില്‍ സകല മേഖലകളേയും ബന്ധപ്പെടുത്തി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹായകമായ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചങ്കിലും പരാജയപ്പെടുകയായിരുന്നു.
മുക്കത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടവും ചാലിയം കടല്‍ തീരത്ത് നിന്ന് ലഭിച്ച മനുഷ്യന്റെ കൈകളും ഒരാളുടേതാണന്ന് മനസിലായിട്ടുണ്ട് എന്നത് മാത്രമാണ് അന്വേഷണത്തിലെ ഏക പുരോഗതി. മൃതദേഹാവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കിട്ടിയ സാഹചര്യത്തില്‍ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ് .