തൃശൂർ: പ്രളയത്തെതുടർന്ന് ജില്ലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീടു നഷ്ടപ്പെട്ടവർക്കു പുതിയ വീടു നല്കുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇനി അനുമതി നല്കുകയുള്ളുവെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ. ഇത് അവരെ ബോധ്യപ്പെടുത്തും.
മറ്റ് വാസയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി അവരെ അവിടേക്കു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും കളക്ടർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പഞ്ചായത്ത് സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരുടെ അവലോകനയോഗത്തിൽ വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ 19 പേർ മരിക്കാനിടയായ കുറാഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയ പശ്ചാത്തലത്തിൽ വീടു നഷ്ടപ്പെട്ടവർക്കു റവന്യൂ ഭൂമി നൽകുന്നതോടൊപ്പം പഞ്ചായത്തുഭൂമിയും അനുവദിച്ചുനൽകുമെന്നും കളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മേഖലയിലെ മണ്ണ് നീക്കാൻ ജിയോളജി വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്.
മണ്ണു നീക്കാൻ പഞ്ചായത്തുകൾക്കു വരുന്ന അപേക്ഷകൾ നിരസിക്കരുത്. അതു ജിയോളജി വകുപ്പിനു കൈമാറണം. പുതിയ വീടുകളുടെ നിർമാണത്തിൽ ശാസ്ത്രീയത ഉണ്ടോയെന്നു പരിശോധിക്കണം. പുതിയ സ്ഥലത്തു വീടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാർ, എഇമാർ എന്നിവർ ചർച്ച നടത്തണം. കുന്നിനുമുകളിൽ മഴക്കുഴി നിർമിക്കരുതെന്നും കളക്ടർ വ്യക്തമാക്കി.
പുതിയ വീടു വയ്ക്കുന്നിടത്തു ഡ്രെയിനേജ് സംവിധാനത്തിനുള്ള പ്രത്യേക സൗകര്യം ഒരുക്കണം. ഇത്തരം മേഖലയിൽ ചെറിയ പ്രകൃതി നീർച്ചോലകൾ പോലും നശിപ്പിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വീടിന് അനുമതി നൽകരുത്. അതിരപ്പിള്ളി ആനക്കയം മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തു ആളുകൾക്കു സ്ഥലം അനുവദിക്കേണ്ടതിനായി ഇനിയും പരിശോധന വേണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പ്രളയത്തിൽ തകർന്ന വീടുകളുടെ നഷ്ടം കണക്കാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നതായി സീനിയർ ജിയോളജിസ്റ്റ് എം. രാഘവൻ അറിയിച്ചു.
മലയോര മേഖലയിൽ വാസയോഗ്യമായ സ്ഥലത്തു വീടുവയ്ക്കാനുള്ള ഭാഗങ്ങളിൽനിന്നു മാത്രം മണ്ണെടുത്താൽ മതി. മണ്ണിടിച്ചിൽ തടയുന്നതുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിന്റെ അളവ് എൻജിനീയർമാർ പരിശോധിക്കണം. വീടുകൾക്കു പിറകിലുള്ള കുന്നുകൾ കുത്തനെ ഇടിക്കരുത്. വനത്തിനുള്ളിൽനിന്നും മണ്ണെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.