ശബരിമല: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന്റെ മറവിൽ പുറമേനിന്നു വൻതോതിൽ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ പോലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായാണ് ദർശനം കഴിഞ്ഞു ഭക്തരെ സന്നിധാനത്തു തങ്ങാൻ അനുവദിക്കാത്തതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജീവനക്കാരും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു ജോലിയിലുള്ളവരും ശാന്തിക്കാരും ഒഴികെ ആരും രാത്രിയിൽ സന്നിധാനത്തു തങ്ങേണ്ടതില്ലെന്ന നിലപാടാണ് പോലീസിന്േറത്. രാത്രിയിൽ നട അടച്ചുകഴിഞ്ഞാൽ പിന്നെ എല്ലാവരും മലയിറങ്ങണമെന്ന നിർദേശം ഇന്നലെ നിലയ്ക്കലിലെത്തയ ഡിജിപി ലോകനാഥ് ബെഹ്റയും അറിയിച്ചിരുന്നു. പാണ്ടിത്താവളത്തിലടക്കം വിരിവയ്ക്കാനൊരുക്കിയിരുന്ന താത്കാലിക സംവിധാനങ്ങൾ വേണ്ടെന്നുവച്ചിരിക്കുകയാണ്.
മകരവിളക്കു കാലത്ത് ദിവസങ്ങളോളം തങ്ങിയാണ് അയ്യപ്പഭക്തർ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. പോലീസ് നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിൽ ഇതൊന്നുമറിയാതെ പതിവുപോലെ തീർഥാടകരായെത്തുന്ന ഇതരസംസ്ഥാനക്കാരടക്കമുള്ളവർ നിരാശരാകും.
സന്നിധാനത്തെ മുറികളും മറ്റും പുറമേ നിന്നുള്ളവർക്ക് താമസിക്കാൻ നൽകേണ്ടതില്ലെന്ന നിർദേശം ദേവസ്വം ബോർഡിനെ പോലീസ് അറിയിച്ചിട്ടുണ്ട്. ശബരിമലയിൽ ജോലിയിലുള്ള മുഴുവൻ ആളുകളുടെയും തിരിച്ചറിയൽ രേഖയും പോലീസ് ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും ഇന്നുമുതൽ പരിശോധനയ്ക്കു വിധേയമാക്കും.
22ന് അർധരാത്രിവരെയാണ് ശബരിമല, പന്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പത്തനംതിട്ട ജില്ലാകളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി മകരവിളക്ക് ദിനമായ ജനുവരി 14വരെ നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് പോലീസ് നൽകിയിരുന്നത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കനക്കുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് രണ്ടുമാസവും നിരോധനാജ്ഞ വേണമെന്ന ആവശ്യം പോലീസ് ജില്ലാ കളക്ടർക്കു നൽകിയത്.