ഷൊർണൂർ: ക്രമവിരുദ്ധമായി റേഷൻകാർഡിൽ മുൻഗണനാക്രമത്തിൽ എത്തിച്ച് അനർഹമായി റേഷൻസാധനങ്ങൾ കൈപ്പറ്റിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അനർഹരെ കണ്ടെത്തുന്നതിനു താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ മോട്ടോർ വാഹനവകുപ്പിൽനിന്ന് നാലുചക്രവാഹനമുള്ളവരുടെ പട്ടിക ശേഖരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നാലുചക്രവാഹനങ്ങളുള്ളവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർ റെയ്ഡുകൾ തുടങ്ങി. തുടർന്നു 750നു മുകളിൽ മുൻഗണനാ റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. തുടർന്നും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. പുതിയ റേഷൻകാർഡുകളുടെ വിതരണം തുടങ്ങിയശേഷം ഒറ്റപ്പാലം താലൂക്കിൽ 4300-നടുത്ത് റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി.
മുൻഗണനാ വിഭാഗത്തിൽ അനർഹർ തുടരുന്നത് പിടിക്കപ്പെട്ടാൽ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. ഇതേതുടർന്ന് സ്വമേധയാ കുറേപേർ കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി. പൊതുവിഭാഗത്തിലേക്കു മാറ്റിയ ഭൂരിഭാഗംപേരും സ്വമേധയാ മുന്നോട്ടുവന്നവരാണ്. ഏകദേശം 250നടുത്ത് കാർഡ് ഉടമകളെ അസിസ്റ്റന്റ് സപ്ലൈ ഓഫീസറുടെ പരിശോധനയിലും കണ്ടെത്തി.
ആയിരം ചതുരശ്രയടിയിൽ കൂടുതൽ വലിപ്പമുള്ള വീടുള്ളവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, അതിൽ കൂടുതൽ ഭൂമിയുള്ളവർ, നാലുചക്രവാഹനമുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ, പൊതുമേഖലാ ജീവനക്കാർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ വിഭാഗത്തിൽപെടില്ല.