അഞ്ചൽ: മലപൊട്ടിച്ച ശേഷം തൊണ്ണൂറുകാരിയെ റോഡിൽ തള്ളിയിട്ടുകൊന്ന കേസിലെ പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെട്ടുതുറ ജ്യോതിഷ് ഭവനിൽ ജ്യോതിഷ് (23), തൃശൂർ മിണാലൂർ എരിഞ്ഞേലി ബൈപാസ് റോഡിൽ അജീഷ് (29) എന്നിവരാണ് പിടിയിലായത്.തേവന്നൂർ കവലക്കപ്പച്ച ജെ.എസ്. ലാൻഡിൽ മാധവൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (90)യാണ് മരിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് ഉച്ചയ്ക്ക് മകളുടെ വീട്ടിലേക്ക് നടന്നുപോകവേയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം പാറുക്കുട്ടിയമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ തൂക്കമുള്ള മാല പൊട്ടിച്ച ശേഷം റോഡിൽ തള്ളിയിട്ട് കടന്നുകളഞ്ഞത്. സാരമായി പരിക്കേറ്റ പാറുക്കുട്ടിയമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും രക്ഷിക്കാനായില്ല.
സംഭവം കണ്ട സ്ത്രീയിൽ നിന്ന് പൊലീസിന് സൂചനകൾ ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ 22 ഓളം സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ ചിത്രങ്ങൾ ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുകയും ചെയ്തിരുന്നു.
പ്രതികൾ തമിഴ് നാട്ടിലെ കുളച്ചൽ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് തിരുവനന്തപുരം ഷാഡോ പോലീസിന്റെയും തമിഴ് നാട് പോലീസിന്റെയും സഹായത്തോടെ കൊല്ലം റൂറൽ എസ്.പി ബി. അശോക് കുമാറിന്റെ നേതൃത്വത്തിൽ ചടയമംഗലം എസ്.ഐ ഷുക്കൂറാണ് അറസ്റ്റ് ചെയ്തത്.