കൊല്ലം: കാഷ്യുബോർഡ് വാങ്ങിയ ഗിനിബസാവോ തോട്ടണ്ടി എടുക്കാതെ ഇപ്പോൾ ഗിനിബസാവോ തോട്ടണ്ടി ലോക്കൽ കച്ചവടത്തിന് കാപ്പെക്സ് കടം ടെന്റർ വിളിച്ചത് അഴിമതി നടത്താനും ബിനാമിയെ ഉൾപ്പെടുത്താനുമാണെന്നും കെടിയുസി-ജെ സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യനും കേരള കോൺഗ്രസ്-ജേക്കബ് വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണനും ആരോപിച്ചു.
കാഷ്യു കോർപ്പറേഷനും കാപ്പെക്സിനും ചെറുകിട വ്യവസായികൾക്കും വിദേശത്തുനിന്ന് തോട്ടണ്ടി വാങ്ങി കൊടുക്കുന്നതിന് കോടികൾ ചെലവഴിച്ചാണ് സർക്കാർ കാഷ്യുബോർഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ കാഷ്യൂബോർഡ് വാങ്ങിയ 3000 ടൺ തോട്ടണ്ടി കാഷ്യുകോർപ്പറേഷനും കാപ്പെക്സിനുമായി വീതിച്ച് നൽകുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയരുന്നു.
തോട്ടണ്ടി തുറമുഖത്ത് എത്തുന്നതിന് മുന്പ് തന്നെ 2000 ടൺ കാഷ്യു കോർപ്പറേഷനും 1000 ടൺ കാപ്പെക്സും എടുക്കാൻ കാഷ്യുബോർഡ് നിർദേശിച്ചിരുന്നതായി ഇരുവരും ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് കാഷ്യുകോർപ്പറേഷൻ വിളിച്ച ടെന്റർ റദ്ദാക്കി കാഷ്യു ബോർഡിൽ നിന്ന് തോട്ടണ്ടി എടുക്കുകയായിരുന്നു.
കാപ്പെക്സ് തോട്ടണ്ടി എടുക്കാൻ തയാറായില്ല. ജനുവരി വരെ വറുക്കാനുള്ള തോട്ടണ്ടി കൈവശമുണ്ടെന്നേ് പറഞ്ഞ് അവർ മാറിനിൽക്കുകയായിരുന്നു. കാഷ്യുബോർഡ് എംഡിയുടെ അഭ്യർഥന ചെവിക്കൊള്ളാതിരുന്ന കാപ്പെക്സ് എല്ലാ തോട്ടണ്ടിയും കോർപ്പറേഷന് നൽകിയപ്പോൾ മാത്രമാണ് ആയിരം ടണ്ണിനുവേണ്ടി അഭ്യർഥന നടത്തിയത്.
കത്ത് കൊടുത്തതുതന്നെ തോട്ടണ്ടി എടുക്കാതെ ലോക്കൽ ടെണ്ടർ വിളിക്കാൻ വേണ്ടിയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. തോട്ടണ്ടി വില 1400 ഡോളറിന് താഴെയെത്തിയിട്ടും ആരും വാങ്ങാതിരുന്നത് ഇവിടെ പോർട്ടിൽ ഇരിക്കുന്ന തോട്ടണ്ടി കേടായതുകൊണ്ടാണ്.
ഗിനിബസാവോയിൽ സീസൺ അവസാനിക്കുകയും ടാൻസാനിയയിൽ സീസൺ ആരംഭിക്കുകയും ചെയ്ത ഇപ്പോഴത്തെ അവസരത്തിൽ കാപ്പെക്സ് കടം ടെണ്ടർ ക്ഷണിച്ചത് മിക്സഡ് തോട്ടണ്ടി വാങ്ങി അഴിമതി നടത്താനും ബിനാമിയെ കയറ്റാനുമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ഈസർക്കാർ അധികാരത്തിൽ വന്ന ശേഷം കാഷ്യു കോർപ്പറേഷന് 242 കോടി രൂപയും പത്ത് ഫാക്ടറികളുള്ള കാപ്പെക്സിന് 32 കോടി രൂപയും നൽകിയതായി വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നു.
നൂറ് ദിവസം പോലും തികച്ച് ജോലി നൽകിയിട്ടില്ലാത്ത ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും തോട്ടണ്ടി വാങ്ങാൻ പണം ഇല്ലെന്ന് പറഞ്ഞ് കടം വാങ്ങുന്നതിയിൽ ദുരൂഹതയുണ്ട്. 75 ദിവസത്തെ കടത്തിന് തോട്ടണ്ടി വാങ്ങുന്പോൾ തോട്ടണ്ടിയുടെ കന്പോളവില ഉയരാൻ ഇടയാക്കും.
കാപ്പെക്സിന്റെ ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത സംഭവമാണ് കടം ടെണ്ടർ ക്ഷണിക്കൽ. കാഷ്യു കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ച് പരിപ്പ് വിൽക്കുന്പോൾ കാപ്പെക്സ് ടെണ്ടർ പോലും നടത്താതെ ഇഷ്ടപ്പെട്ടവർക്ക് പരിപ്പ് വിൽക്കുന്നത് സർക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ വാങ്ങലുകളും വിൽപ്പനകളും ഇ-ടെണ്ടർ വഴി മാത്രമേ നടത്താവൂ എന്ന ഉത്തരവ് നിലനിൽക്കേ കാപ്പെക്സിന് ഇതൊന്നും ബാധകമല്ലാത്തത് പച്ചയായ അഴിമതി നടത്താനാണെന്നും നേതാക്കൾ ആരോപിച്ചു.
കാപ്പെക്സിലെ നിയമനങ്ങളെല്ലാം പബ്ലിക് സർവീസ് കമ്മീഷൻ വഴി മാത്രമേ നടത്താവൂ എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്പോൾ അസിസ്റ്റന്റ് കൊമേഴ്സ്യൽ മാനേജരെയും കന്പ്യൂട്ടർ എക്സ്പർട്ട് പുതിയ തസ്തികകളിൽ ഇഷ്ടക്കാരെ നേരിട്ട് നിയമിക്കുന്നത് അഴിമതിയാണെന്നും ഇത് സർക്കാർ ഇടപെട്ട് റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.