റെനീഷ് മാത്യു
കണ്ണൂർ: വിമാനത്താവളത്തിലേക്ക് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും. ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂർ വിമാനത്താവളത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ രണ്ട് കൗണ്ടറുകൾ തുടങ്ങുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനും സന്ദർശിക്കാനുള്ള സൗകര്യം സഞ്ചാരികൾക്ക് ഒരുക്കുന്നതിനാണ് കൗണ്ടറുകൾ തുറക്കുന്നത്.
ഡൊമസ്റ്റിക്ക് വിഭാഗത്തിലും ഇന്റർനാഷണൽ വിഭാഗത്തിലുമാണ് കൗണ്ടറുകൾ തുറക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വിമാനത്താവളങ്ങളിൽ ഡിടിപിസിയുടെ കൗണ്ടറുകൾ തുറക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഡൊമസ്റ്റിക്കിലെ കൗണ്ടർ. ഇന്ത്യയിലെ വിനോദസഞ്ചാരങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഇന്റർനാഷണൽ വിഭാഗത്തിൽ കൗണ്ടർ ആരംഭിക്കുന്നത്.
വിമാനത്താവള ഉദ്ഘാടനത്തിനു മുന്നോടിയായി കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനവും ഒരാഴ്ച സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി കിയാൽ അധികൃതരുമായി ഡിടിപിസി ചർച്ച നടത്തുന്നുണ്ട്. കണ്ണൂരിലെ കാഴ്ചകൾ കാണുവാൻ ഡിടിപിസിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരികൾക്കായി ബസ് സർവീസ് നടത്തിയിരുന്നു.
എന്നാൽ മാസങ്ങൾക്കുള്ളിൽ ബസ് സർവീസ് നിർത്തുകയും ചെയ്തു. വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ഈ സർവീസ് പുനഃരാംരംഭിക്കാനും ഡിടിപിസി തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായും, കുടുംബശ്രീ, ഹോം സ്റ്റേ നടത്തിപ്പുകാർ എന്നിവർക്കായും പ്രത്യേക പരിശീലനവും സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഡിടിപിസി.
കൂടാതെ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ജിപിആർഎസ് സംവിധാനത്തോടെയുള്ള മാപ്പും തയാറാക്കി വരികയാണെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് രാഷ്ട്രദീപികയോട് പറഞ്ഞു. വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഉത്തരമലബാറിലെ വിനോദസഞ്ചാരത്തിന് പുത്തനുണർവ് ലഭിക്കുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.