ശസ്ത്രക്രിയയുടെ തലേദിവസം തലച്ചോറിനുള്ളിലെ ട്യൂമർ അപ്രത്യക്ഷമായി. കാലിഫോർണിയയിലെ ലോഡി സ്വദേശിയായ പോൾ വുഡ് എന്നയാളിലാണ് ഡോക്ടർമാരെ പോലും അമ്പരപ്പിച്ച അത്ഭുത പ്രതിഭാസം നടന്നത്.
മാസങ്ങൾക്കു മുമ്പേ പോളിന് അതികഠിനമായ തലവേദനയും തലകറക്കവും ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇദ്ദേഹത്തിന് തലച്ചോറിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് ഡോക്ടർമാർ ആലോചിച്ച് ഇദ്ദേഹത്തിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചു. എന്നാൽ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ തലച്ചോറിലെ ട്യൂമർ അപ്രത്യക്ഷമാകുകയായിരുന്നു.
ദൈവത്തിന്റെ അത്ഭുതമെന്നാണ് തന്റെ മേൽ നടന്ന ഈ പ്രതിഭാസത്തെ പോൾ വിശേഷിപ്പിക്കുന്നത്. ട്യൂമർ ആണെന്നറിഞ്ഞ് നിരവധിയാളുകൾ തനിക്കു വേണ്ടി പ്രാർഥിച്ചിരുന്നുവെന്നും അതിനാൽ ദൈവം തന്നെ അനുഗ്രഹിച്ചതാണെന്നും പോൾ പറഞ്ഞു.
സ്തബ്ധരായ ഡോക്ടർമാർ എന്താണ് ശരിക്കും നടന്നതെന്ന് അറിയുവാനുള്ള വിശദ പരിശോധന പോളിൽ നടത്തുകയാണ്. പോളിന്റെ കഥ സോഷ്യൽമീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുമുണ്ട്.