വിശന്ന് വയറ് കരിഞ്ഞ് റസ്റ്റൊറന്റിലെത്തുന്നവർക്ക് വിസ്മയമാകാൻ റോബോട്ട് വെയിറ്റേഴ്സ്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നൗവ്ലോ എന്നു പേരുള്ള റസ്റ്റൊറന്റാണ് റോബോട്ട് വെയിറ്റേഴ്സിനെ രംഗത്തിറക്കി സന്ദർശകർക്ക് അത്ഭുതം സമ്മാനിക്കുന്നത്. ജിജ്ജർ എന്നാണ് ഈ റോബോട്ടിന്റെ പേര്.
പായില ടെക്നോളജി എന്ന സ്ഥാപനമാണ് ജിജ്ജറിനെ നിർമിച്ചത്. അഞ്ചടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ജിജ്ജറിന് ഇംഗ്ലീഷ്, നേപ്പാളി ഭാഷകൾ മനസിലാക്കുവാനുള്ള കഴിവുണ്ട്. 25 എഞ്ചിനീയർമാരുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ റോബോട്ട്.
ജിജ്ജർ നൽകുന്ന ഭക്ഷണം കഴിക്കുവാനായി പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ഈ റസ്റ്റൊറന്റിൽ എത്തുന്നത്. ടച്ച് സ്ക്രീനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന മെനു കാർഡിൽ നിന്നുമാണ് ആളുകൾ ഭക്ഷണം ഓഡർ ചെയ്യുന്നത്. ഭക്ഷണം തയാറാകുമ്പോൾ ജിജ്ജർ കിച്ചണിൽ പോയി ഭക്ഷണം എടുത്ത് ഓഡർ അനുസരിച്ച് വിതരണം ചെയ്യും.
ജിജ്ജറിനൊപ്പം നിന്ന് സെൽഫിയെടുക്കുവാൻ കുട്ടികൾ ഉൾപ്പടെയുള്ള ആളുകളുടെ തിരക്കാണ്. ജിജ്ജറിനെ വികസിപ്പിച്ചതിന്റെ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്കടക്കം വിൽക്കുവാനുള്ള തീരുമാനത്തിലാണ് പായില ടെക്നോളജി.