കൊച്ചി: സംഘർഷഭരിതമായ നീണ്ട 13 മണിക്കൂറുകൾക്കൊടുവിൽ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദർശനം നടത്താനാവാതെ തിരിച്ചുപോകുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും നാട്ടിലേക്കു തിരിച്ചുപോകാനുള്ള സന്നദ്ധത അവർ പോലീസിനെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 9.30 ന് മടങ്ങുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
എന്നാൽ താൻ തിരിച്ചുപോയാലും ഈ മണ്ഡലകാലത്തു തന്നെ ശബരിമല ദർശനത്തിനു മടങ്ങിയെത്തുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. കൂടുതൽ സന്നാഹങ്ങളോടെ മടങ്ങിയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ തൃപ്തിയെയും സംഘത്തെയും വിമാനത്താവളത്തിനുള്ളിൽ ബന്ധിയാക്കിയതിനെ തുടർന്നാണ് അവർക്ക് തിരിച്ചുപോകേണ്ടിവന്നത്. പുറത്തിറങ്ങാൻ സമ്മതിക്കാതെ പ്രതിഷേധക്കാർ വിമാനത്താവളത്തിനു പുറത്ത് സംഘടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 4.40 ന് ആണ് പൂനയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ തൃപ്തിയടക്കം ഏഴംഗ സംഘം കൊച്ചിയിലെത്തിയത്. തൃപ്തി ശബരിമല ദർശനത്തിന് എത്തിയെന്ന വാർത്ത പരന്നതോടെ വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാർ സംഘടിച്ചെത്തി.
പുറത്തേയ്ക്കുപോകാൻ സംഘത്തിനു ടാക്സി ലഭിക്കാതെ വന്നതാണ് വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിപ്പോകാൻ കാരണമായത്. ഓൺലൈൻ ടാക്സി അടക്കം തൃപ്തിക്കുവേണ്ടിയെത്താൻ തയാറായില്ല. സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്നായിരുന്നു ഇത്. ചില ടാക്സി ഡ്രൈവർമാർ ഇക്കാര്യം പറയുകയും ചെയ്തു.
നേരത്തെ നടന്ന സംഘർഷത്തിൽ തകർന്ന കാറുകൾക്ക് നഷ്ടപരിഹാരംപോലും ലഭിക്കാത്ത സാഹചര്യത്തിൽ വീണ്ടുമൊരു സംഘർഷ സാഹചര്യത്തിലേക്ക് പോകേണ്ടതില്ലെന്നായിരുന്നു ടാക്സി സംഘടനകളുടെ നിലപാട്. ഇതോടെ നെടുമ്പാശേരിയിലെ ആഭ്യന്തര ടെർമിനലിൽ തൃപ്തിക്കും സംഘത്തിനും കഴിയേണ്ടിവന്നു.
ആരെതിർത്താലും ശബരിമല ദർശനം നടത്തുമെന്നു തന്നെയായിരുന്നു വൈകുന്നേരം നാലുവരെ തൃപ്തിയുടെ നിലപാട്. ഇവരുമായി സംസാരിച്ച പോലീസ് അടക്കം ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യം അവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽനിന്നും പുറത്തുകടക്കാൻ ഹൈക്കോടതിയുടെ സഹായം തേടാനുള്ള വഴി അടഞ്ഞതോടെയാണ് മടങ്ങിപ്പോക്കിനു അവർ തയാറായത്.
ശബരിമല ദർശനത്തിന് പോലീസ് സുരക്ഷ തേടിയാണ് കോടതിയ സമീപിക്കാൻ ഒരുങ്ങിയത്. പൂനയിലെ ബന്ധുക്കൾ വഴിയായിരുന്നു ഇതിനുള്ള നീക്കം നടന്നത്. എന്നാൽ തിങ്കളാഴ്ച മാത്രമേ ഇതിനു കഴിയുകയുള്ളു എന്നുവന്നതോടെ വഴി അടയുകയായിരുന്നു. മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ ശബരിമല ദർശനത്തിനു മടങ്ങിയെത്തുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.