കൊച്ചി, മൂവാറ്റുപുഴ, പെരുന്പാവൂർ: തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ തുടർച്ചയായുണ്ടായ കനത്തമഴയും ചുഴലിക്കാറ്റും ജില്ലയിലെങ്ങും നാശം വിതച്ചു.
കിഴക്കൻ മേഖലയിലാണു കൂടുതൽ നാശം. കൊച്ചി നഗരമേഖലയിലും നാശമുണ്ടായി. ജില്ലയിൽ രാവിലെ മുതൽ മഴയും കാറ്റും തുടങ്ങിയിരുന്നു. ഉച്ചകഴിഞ്ഞതോടെ മഴയുടെ ശക്തികൂടുകയും കാറ്റ് ചുഴലിക്കാറ്റായി ആഞ്ഞടിക്കുകയുമായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. പ്രളയത്തെത്തുടർന്നുണ്ടായ ദുരിതം പൂർണമായും മാറുംമുന്പേയുണ്ടായ കാറ്റും മഴയും ജനങ്ങളെ ഭയവിഹ്വലരാക്കി.
കൂത്താട്ടുകുളം-പാലാ റൂട്ടിൽ അർജുനൻമലയിൽ ഉരുൾപൊട്ടി സമീപത്തെ ബിടിസി എൻജിനീയറിംഗ് കോളജ് കെട്ടിടത്തിനു കേടുപാടുണ്ടായി. കരിന്പന പാലത്തിനു സമീപം വർക്ക്ഷോപ്പിന്റെ മതിൽക്കെട്ട് ഇടിഞ്ഞു കാർ സമീപത്തെ തോട്ടിലുടെ ഒഴുകിപ്പോയി. കൂത്താട്ടുകുളം-പാലാ റോഡിലെ ടാറിംഗ് പരക്കേ തകർന്നു. കോലഞ്ചേരി കാരമോൾ പീടിക ജംഗ്ഷനിൽ തെങ്ങുവീണ് ബൈക്ക് യാത്രികനു പരിക്കേറ്റു. പോഞ്ഞാശേരി സ്വദേശി ശ്യാം കൃഷ്ണനെ(29)പരിക്കുകളോടെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു സമീപം നിന്ന ആഞ്ഞിലിമരം വീണ് കുത്തുകുഴി മാരമംഗലം ഇരിക്കാനിക്കൽ സുരേഷിന്റെ കാർ തകർന്നു. പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും നിരവധി മരങ്ങൾ കടപുഴകി. കിഴക്കമ്പലം, പള്ളിക്കര മേഖലയിൽ വിവിധ പ്രദേശങ്ങളിൽ മരം വീണു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കിഴക്കമ്പലം ഊരക്കാട് ഐയരം കുഴിമലയിൽ മരം വീണു മുല്ലനുമോളം വേലായുധന്റെ വീട് പൂർണമായും തകർന്നു.
മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, കോലഞ്ചേരി മേഖലകളിലും മരങ്ങൾ കടപുഴകി റോഡിൽ വീണു ഗതാഗതം തടസപ്പെട്ടു. കൂത്താട്ടുകുളം നഗരത്തിലെ കടകളിൽവരെ വെള്ളം കയറി. എംസി റോഡിൽ ആറൂരും വാഴപ്പിള്ളിയിലും മരം വീണതോടെ ഗതാഗതവും തടസപ്പെട്ടു. പ്രദേശത്ത് നിരവധി വൈദ്യുതി പോസ്റ്റുകളും മരംവീണു തകർന്നു. വൈദ്യുതി വിതരണം പലയിടത്തും തടസപ്പെട്ടു. കച്ചേരിത്താഴത്ത് സ്റ്റെപ്പ് അപ്പ് ഫുട്വെയേഴ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്തു തെങ്ങ് കടപുഴകിവീണു നാശനഷ്ടം സംഭവിച്ചു. കടാതി ആലുംചുവടിൽ മരം കടപുഴകി വീണതോടെ ദീർഘനേരം ഗതാഗതം തടസപ്പെട്ടു. കനത്തകാറ്റിൽ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
മൂവാറ്റുപുഴ നഗരത്തിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കി. കെഎസ്ആർടിസി ജംഗ്ഷൻ, അരമന ജംഗ്ഷൻ, വാഴപ്പിള്ളി, കീച്ചേരിപ്പടി എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് രൂപപ്പെട്ടത്. അരമന ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളം കയറി. രാത്രിയിലും മഴതുടർന്നതിനാൽ റോഡിൽ വീണ മരങ്ങൾ പോലും പലസ്ഥലത്തും നീക്കംചെയ്യാൻ സാധിച്ചിട്ടില്ല.