ശബരിമല: പ്രതിഷേധ കോലാഹലങ്ങളുടെ വേദി നെടുന്പാശേരി വിമാനത്താവളത്തിലായതോടെ ശബരിമല ക്ഷേത്രത്തിൽ മണ്ഡലപൂജക്കാലത്തിനു ശാന്തമായ തുടക്കം. ഇന്നലെ വൈകുന്നേരം അഞ്ചിനു തുറന്ന നട രാത്രി പത്തിന് അടച്ചു.
ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും ശബരിമല ആചാര സംരക്ഷണസമിതി ജനറൽ സെക്രട്ടറി പൃഥ്വിപാലനെയും പന്പയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല സന്നിധാനത്തേക്കു പോകാനായി ഇന്നലെ വൈകുന്നേരം എത്തിയ ഇരുവരെയും പന്പ ഗാർഡ്റൂമിനു സമീപം പോലീസ് തടയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് പറഞ്ഞു.
ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ടു സന്നിധാനത്തുണ്ടായ അക്രമസംഭവങ്ങളിൽ പൃഥ്വിപാലന്റെ പങ്കാളിത്തം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരുടെ സാന്നിധ്യം ശബരിമലയിൽ വീണ്ടും പ്രതിഷേധ സമരത്തെ ആളിക്കത്തിക്കുമെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. കരുതൽ നടപടിയുടെ ഭാഗമായാണ് കസ്റ്റഡിയെന്നു പോലീസ് പറഞ്ഞു.
ഇതിനിടെ, സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെയും പോലീസ് മരക്കൂട്ടത്തു തടഞ്ഞു. രാത്രി ഒന്പതോടെയാണു തടഞ്ഞത്.
10നു നട അടയ്ക്കുന്ന സാഹചര്യത്തിൽ രാത്രിയിൽ യാത്ര ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണു തടഞ്ഞത്. ഇതേത്തുടർന്ന് പോലീസുമായി മരക്കൂട്ടത്തു തർക്കം ഉണ്ടായി. സന്നിധാനത്തുനിന്നു രാത്രിയിൽ അയ്യപ്പഭക്തരെ മലയിറക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്നു ശശികല പ്രഖ്യാപിച്ചിരുന്നു.
പോലീസ് ഇന്നലെ കനത്ത സുരക്ഷാ ക്രമീകരണമാണു സന്നിധാനത്തും പന്പയിലും നിലയ്ക്കലുമായി ഏർപ്പെടുത്തിയിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുതിയ മേൽശാന്തിമാർ സ്ഥാനമേറ്റു. കനത്ത മഴയിലും നിരവധി ഭക്തർ ഇന്നലെ ദർശനത്തിനെത്തി.
പ്രതിഷേധക്കാരുടെ ശ്രദ്ധ മുഴുവൻ ഇന്നലെ തൃപ്തി ദേശായി വന്നതുമായി ബന്ധപ്പെട്ടു നെടുന്പാശേരി വിമാനത്താവളത്തിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതിഷേധ സമരം നയിക്കുന്ന ബിജെപി നേതാക്കൾ അടക്കമുള്ളവരെല്ലാം ഇന്നലെ നെടുന്പാശേരിയിലായിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് മണ്ഡലകാലത്തെ ആദ്യദിനം കടന്നുപോയത്.