കുവൈത്ത് സിറ്റി : കുവൈത്ത് വിറങ്ങലിച്ച പെരുമഴയിൽ ദുരിതം നേരിടുന്നതിന് രാവും പകലുമില്ലാതെ സേവന സന്നദ്ധരായ രക്ഷാ പ്രവർത്തകർക്കും സൈന്യത്തിനും നന്ദി പറഞ്ഞു കുവൈത്ത് ജനത.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രളയത്തിന്റെ പിടിയിൽ അമർന്നത്. തുടക്കത്തിൽ ചാറ്റൽ മഴ ആയിരുന്നുവെങ്കിലും രാത്രിയോടെ മഴ ശക്തിയാവുകയായിരുന്നു. പല ഭാഗങ്ങളിലും ഇടി മിന്നലോടു കൂടിയ പെരുമഴക്കാണ് സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വൻ ഉയരത്തിൽ വെള്ളം പൊങ്ങി. താമസ സ്ഥലങ്ങളിൽ കുടുങ്ങിയവരെ സന്നദ്ധ പ്രവർത്തകരും സൈന്യം, പോലിസ്, അഗ്നിശമന ഉദ്യോഗസ്ഥരും ചേർന്നു രക്ഷപ്പെടുത്തി.
പല റോഡുകളിലും കുത്തിയൊലിച്ചോഴുകുന്ന ജലത്തിന് കുറുകെ കയർ കെട്ടിയാണ് പലരെയും അതി സാഹസികമായി പുറത്തെത്തിച്ചത്. വെള്ളം ഒഴുകുവാൻ സാധ്യതയുള്ള റോഡുകളിൽ അധികൃതരുടെ നേതൃത്വത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡുകളിൽ ഗതാഗതം നിരോധിച്ചും വഴികൾ വഴിതിരിച്ചുവിട്ടും സുരക്ഷാ വിഭാഗം നടത്തിയ ഇടപെടൽ അപകടത്തിന്റെ തോത് കുറച്ചു. വ്യവസായ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയ വെള്ളം ടാങ്കറുകളും വലിയ മോട്ടോർ പാന്പുകളും ഉപയോഗിച്ചു നീക്കം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സജ്ജീകരണങ്ങൾ അധികൃതർ തയാറാക്കിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും നേരിട്ടെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രണ്ടു ദിവസത്തെ പ്രളയത്തിൽ മുന്നൂറോളം കാറുകൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ശക്തമായ വെള്ള പാച്ചലിൽ ഒഴുകി വന്ന കല്ലും മണ്ണും റോഡുകളിൽ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട എല്ലാ പാതകളും ഗതാഗതത്തിന് തയാറായതായി മുൻസിപ്പൽ അധികൃതർ വെള്ളിപ്പെടുത്തി. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ സഹായകരമായി. മൂവായിരത്തോളം അപകട കോളുകൾ ദുരന്ത നിവാരണ പ്രവർത്തകർ ഇടപെട്ടതായി ചെയർമാൻ കേണൽ ജമാൽ അൽ ഫുദ്രി അറിയിച്ചു.
അതിനിടെ ശക്തമായ മഴയിൽ ദുരിതം നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയ ആസ്ഥാനത്തെ കണ്ട്രോൾ റൂം സന്ദർശിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഈ കാര്യം അറിയിച്ചത്. രണ്ട് ദിവസമായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിവിധ മന്ത്രാലയങ്ങളേയും സന്നദ്ധ പ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏത് പ്രതിസന്ധിയെയും നേരിടുവാൻ വിദഗ്ദരെ ഉൾപ്പെടുത്തി കുവൈത്ത് റെഡ്ക്രസൻറ് പ്രത്യേക വിഭാഗത്തിന് രൂപം നൽകിയതായി റെഡ്ക്രസന്റ് ജനറൽ ഡയറക്ടർ അബ്ദുറഹ്മാൻ അൽ ഒൗൻ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ