കടല്‍ത്തീരത്ത് നിന്നും മാനംമുട്ടെ ഉയരാന്‍ ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്ത ഒരു കോച്ചും കോവളം എഫ്‌സിയെന്ന ക്ലബും, ആഴ്‌സണലിന്റെ ഇന്ത്യയിലെ അക്കാദമി പങ്കാളി സ്വപ്‌നത്തിലേക്ക് പന്തുതട്ടുമ്പോള്‍ എബിന്‍ റോസിനിത് ജീവിതം തന്നെ!

എം.ജി. ലിജോ

കേരളത്തിന്റെ മാത്രം സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു ഫുട്‌ബോള്‍ ക്ലബ് നമ്മുടെ നാട്ടിലുണ്ടോ സംശയമാണ്. എന്നാല്‍, മലയാളികള്‍ മാത്രം കളിക്കുന്ന ഒരു ക്ലബ്ബുണ്ട്. കേരളത്തിന്റെ അഭിമാന താരമായിരുന്ന എബിന്‍ റോസ് നേതൃത്വം നല്കുന്ന കോവളം എഫ്‌സി.

തിരുവനന്തപുരത്തിന്റെ തീരഗ്രാമമായ കോവളത്തുനിന്നും 2009ല്‍ ആരംഭിച്ച ഒരു ചെറിയ ചുവടുവയ്പ് ഇപ്പോള്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഈ വരുന്ന കേരള പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തയാറെടുപ്പിലാണ് ടീം. അടുത്തവര്‍ഷം ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുകയും ലക്ഷ്യങ്ങളിലൊന്ന്. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഐലീഗെന്ന സ്വപ്നം കൈപ്പിടിയിലൊതുക്കാമെന്ന വിശ്വാസത്തിലാണ് എബിനും കൂട്ടരും.

ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തപ്പെടുന്ന കേരള പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് കോവളം എഫ്‌സി. കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം, ഗോകുലം എഫ്‌സി തുടങ്ങിയ ശക്തരും സാന്പത്തിക അടിത്തറയുമുള്ള ടീമുകള്‍ക്കെതിരേയാണ് തദ്ദേശീയ താരങ്ങളെ മാത്രം അണിനിരത്തി കോവളം ഇറങ്ങുന്നത്. ടീമിലെ 90 ശതമാനം കളിക്കാരും കോവളത്തിന്റെ തന്നെ യൂത്ത് സിസ്റ്റത്തിലൂടെ വന്നവരാണ്. പ്രതിഭകളെ മറ്റു ടീമുകളില്‍നിന്ന് റാഞ്ചുന്ന നവ പ്രെഫഷണല്‍ ശൈലിയില്‍നിന്ന് വഴിമാറിയാണ് കോവളം സഞ്ചരിക്കുന്നത്. കുരുന്നുകളെ കണ്ടെത്തി പ്രതിഭകളാക്കി മാറ്റുകയെന്ന യൂറോപ്യന്‍ ശൈലിയാണ് കോവളവും എബിന്‍ റോസും പിന്തുടരുന്നത്.

ആദ്യ സീസണില്‍ തന്നെ കേരള പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യമൊന്നും കോവളത്തിനില്ല. കിരീടം എന്ന സ്വപ്നത്തേക്കാള്‍ തങ്ങളുടെ കളിക്കാര്‍ക്ക് വലിയൊരു പ്ലാറ്റ്‌ഫോമില്‍ പന്തുതട്ടാനുള്ള അവസരമായിട്ടാണ് മാനേജ്‌മെന്റ് ഈ അവസരത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സെമിഫൈനല്‍ വരെ എത്തിയാലും ടീം ഹാപ്പി.

കോവളത്ത് ടീമിന്റെ പുതിയ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫെബ്രുവരിയോടെ പുതിയ ഗ്രൗണ്ടില്‍ കളിക്കാനാകുമെന്ന് എബിന്‍ പറയുന്നു. വെറുമൊരു ക്ലബ്ബെന്നതിലുപരി സ്വന്തം ഹോസ്റ്റലും കളിക്കാര്‍ക്കുള്ള മറ്റു സൗകര്യങ്ങളും കോവളം ഒരുക്കുന്നു. നിരവധി പ്രഗത്ഭരായ വിദേശ പരിശീലകര്‍ കോവളത്തിലെ കുട്ടികള്‍ക്ക് കളി പറഞ്ഞു കൊടുക്കാന്‍ എത്തുന്നുണ്ട്. സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും ക്ലബ്ബിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ ഇതുവരെയും കാര്യമായ ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ടെന്ന് എബിന്‍ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു.

ആഴ്‌സണലിന്റെ കേരളത്തിലെ പങ്കാളി

കോവളം എഫ്‌സി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്നതിന് ഉദാഹരണമാണ് ലോകോത്തര ക്ലബ്ബുകളുമായുള്ള സഹകരണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വന്പന്മാരായ ആഴ്‌സണല്‍ അമേരിക്കന്‍ ക്ലബ്ബായ എഫ്‌സി ഡല്ലാസ് എന്നിവരുമായി ക്ലബ് കരാറിലെത്തിയിട്ടുണ്ട്. ഈ രണ്ടു ക്ലബ്ബുകളുടെയും അക്കാഡമിയുടെ ചുമതലയുള്ള കോച്ചുമാര്‍ കോവളത്തെത്തി ഇവിടുത്തെ താരങ്ങള്‍ക്ക് പരിശീലനം നല്കും.

മൂന്നു മാസം കൂടുന്‌പോള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് വിദേശ പരിശീലനം ലഭിക്കും. ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആഴ്‌സണലിന്റെ സാങ്കേതിക സഹായം ലഭിക്കുന്ന ഏക ക്ലബ് കൂടിയാണ് കോവളം എഫ്‌സി. ആഴ്‌സണല്‍ യൂത്ത് കോച്ച് ക്രിസ് ആബേല്‍ അടുത്തിടെ അക്കാഡമിയിലെത്തി കുട്ടികള്‍ക്ക് പരിശീലനം നല്കിയിരുന്നു. ടോട്ടന്‍ഹാം യൂത്ത് അക്കാഡമി പരിശീലകന്‍ ക്രിസ് പാട്രിക്ക് അടുത്തുതന്നെ കേരളത്തിലെത്തുന്നുണ്ട്. കോവളത്തിന്റെ താരങ്ങള്‍ക്ക് ഈ ക്ലബ്ബുകളുടെ അക്കാഡമികളിലെത്തി പരിശീലനം നടത്താനുള്ള സൗകര്യവും ലഭിക്കുന്നു.

Related posts