ജിജു ജോർജ്
കോതമംഗലം: വലിപ്പംകൊണ്ടും രൂപഭംഗികൊണ്ടും പക്ഷിനിരീക്ഷകർ പോലും വിസ്മയത്തോടെ വീക്ഷിക്കുന്ന രാജഹംസം ഇതാദ്യമായി തട്ടേക്കാടെത്തി. ഭൂതത്താൻകെട്ട് ഡാമിലെ ജലാശയത്തിൽ വീണു കിടക്കുന്ന നിലയിലാണു തട്ടേക്കാട് പക്ഷി സങ്കേതം അധികൃതർ ഇതിനെ കാണുന്നത്. ഗ്രേറ്റർ ഫ്ലമിംഗോ ഇനത്തിൽപ്പെട്ട ഇതിനു മൂന്നു കിലോ ഭാരമുണ്ട്.
കാലിനു നേരിയ പരിക്കുള്ള രാജഹംസത്തിനു ഡോ. ആർ. സുഗതന്റെ നേതൃത്വത്തിൽ പരിചരണം നൽകി.സുഖം പ്രാപിച്ചു വരുന്ന രാജഹംസത്തെ വിവരങ്ങൾ രേഖപ്പെടുത്തിയ വളയം കാലിൽ ഘടിപ്പിച്ച് ഉടൻതന്നെ പറത്തിവിടുമെന്നു അധികൃതർ പറഞ്ഞു. ദേശാടനപക്ഷികളായ ഇവ നവംബർ, ഡിസംബർ മാസങ്ങളിൽ ഗുജറാത്തിൽനിന്നു വേളാങ്കണ്ണി മേഖലയിൽ എത്താറുണ്ട്. കനത്ത മഴയും ചുഴലിക്കാറ്റും മൂലം വേളാങ്കണ്ണിയിൽനിന്നു കൂട്ടംതെറ്റി തട്ടേക്കാട് എത്തിയതാകാമെന്ന നിഗമനത്തിലാണു വനംവകുപ്പ്. കൂട്ടം തെറ്റിയാണു വരവെങ്കിലും തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ചരിത്രത്താളിൽ അങ്ങനെ രാജഹംസവും ഇടംപിടിച്ചു.
ഇന്ത്യയിൽ ഗുജറാത്തിലെ കച്ചിലും സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമാണു രാജഹംസങ്ങളെ കണ്ടുവരുന്നത്. കടൽക്കരയിലെ ചതുപ്പുകളിലാണ് ഇവ കൂട്ടമായി വസിക്കുന്നത്. ഉയരത്തിൽ മണ്‍കൂനകൾ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിൽ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. റോസും വെള്ളയും ഇടകലർന്ന തൂവലും നീളമുള്ള ചുണ്ടുമുള്ള ഈ പക്ഷിയുടെ കഴുത്ത് വളരെ നീളമുള്ളതാണ്. വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണു പ്രധാന ആഹാരം.