ചെന്നൈ: ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽനിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടന നൽകുന്ന വിശദീകരണം.
അതേസമയം, തനിക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് പുറത്താക്കൽ നടപടിയെന്ന് ചിന്മയി ആരോപിച്ചു. കഴിഞ്ഞ മാസമാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ചിന്മയി രംഗത്തെത്തിയത്. സഹകരിക്കണം എന്നാവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാണ് ആരോപണം.
അടുത്തിടെ തീയറ്ററിലെത്തിയ 96 എന്ന ചിത്രത്തിൽ നടി തൃഷയ്ക്ക് ശബ്ദംകൊടുത്തിരുന്നത് ചിന്മയിയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.