ആഗ്ര: ബജ്രംഗ്ദള് വനിതാ നേതാവും അനുയായികളും താജ്മഹൽ പരിസരത്ത് ആരതി അനുഷ്ടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയുടെ ആധികാരികത സംബന്ധിച്ചു പരിശോധിച്ചു വരികയാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സിഐഎസ്എഫും അറിയിച്ചു.
ബജ്രംഗ്ദള് വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മീന ദിവാകറാണ് ആരതി ഒഴിഞ്ഞത്. തങ്ങൾ ഗംഗാജലവും തീപ്പെട്ടിയും സുഗന്ധദ്രവ്യങ്ങളുമായി താജ് മഹലിൽ കടന്ന് ആരതി നടത്തിയെന്നാണ് മീനയുടെ അവകാശവാദം.
തങ്ങളുടെ ശിവക്ഷേത്രമായിരുന്ന പ്രദേശം നമാസിലൂടെ അശുദ്ധമാക്കപ്പെട്ടെന്നും പ്രദേശം ശുദ്ധീകരിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും മീന പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചകളിൽ മാത്രമാണ് നമാസിന് അനുമതിയെങ്കിലും മറ്റു ദിവസങ്ങളിലും ഇത് അനുഷ്ടിക്കാറുണ്ടെന്നും ഇക്കാരണത്താലാണ് തങ്ങൾ ആരതി ഉഴിഞ്ഞതെന്നും ബജ്രംഗ്ദള് നേതാവ് വാദിക്കുന്നു.
അതേസമയം, ഇതു സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള എഎസ്ഐയും ഒഴിഞ്ഞുമാറി. കനത്ത സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് താജ് മഹലിലേക്കു സന്ദർശകരെ കടത്തിവിടാറുള്ളത്. തീപ്പെട്ടി ഉൾപ്പെടെയുള്ളവയ്ക്ക് താജ്മഹലിനുള്ളിൽ വിലക്കുണ്ട്.