കോടാലി:നിർധന കുടുംബത്തിനു വീടുനിർമിച്ചുനൽകി ചെന്നൈ മലയാളികളുടെ കൂട്ടായ്മയായ ബിഗ് ഫാമിലി.
ചലച്ചിത്ര നടൻ ശബരീഷ് വർമ, നടി സംയുക്ത എന്നിവരടക്കമുള്ള ഈ കൂട്ടായ്മയുടെ സഹായത്തോടെ മറ്റത്തൂർ പഞ്ചായത്തിലെ മുട്ടത്തുകുളങ്ങരയിലാണ് വിധവയായ യുവതിക്ക് വീടൊരുക്കുന്നത്. മുട്ടത്തുകുളങ്ങര കുറുവത്ത് വീട്ടിൽ പരേതനായ മനോഹരന്റെ മകളും മൂത്തേടത്ത് മണികണ്ഠന്റെ വിധവയുമായ സരിതക്കാണ് ബിഗ് ഫാമിലി കൂട്ടായ്മയും ചാലക്കുടി അവാർഡ് സംഘടനയും ചേർന്ന് വീടൊരുക്കുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ ആശ്രയമില്ലാതായ സരിതക്കും രണ്ട ുകുട്ടികൾക്കും വാസയോഗ്യമായ വീടുനിർമിച്ചുനൽകാൻ ബിഗ് ഫാമിലി കൂട്ടായ്മ മുന്നോട്ടുവരികയായിരുന്നു. 410 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ നടൻ ശബരീഷ് വർമയും അവാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് റാഫി അന്പൂക്കനും ചേർന്ന് നിർവഹിച്ചു. നിർധന കുടുംബത്തിനെ സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുള്ളതായി ബിഗ് ഫാമിലി കൂട്ടായ്മ പ്രതിനിധികളായ ശബരീഷ് വർമ്മയും സോയി ജോസഫും പറഞ്ഞു.
പ്രളയകാലത്ത് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ചെന്നൈയിൽ നിന്ന് വസ്ത്രവും ഭക്ഷണവും അടക്കമുള്ള സാമഗ്രികൾ ശേഖരിച്ച് നിരവധി പേർക്ക് സഹായമെത്തിച്ച കൂട്ടായ്മയാണ് ബിഗ് ഫാമിലി. ചെന്നൈയിൽ സിഎ, സിഎംഎ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്ന മലയാളി വിദ്യാർഥികളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടുന്നതാണ് കൂട്ടായ്മ. വീടുനിർമാണത്തിനാവശ്യമായ തുകയുടെ നല്ലൊരു ഭാഗവും നടൻ സബരീഷ് വർമ്മയാണ് നൽകുന്നത്. ഈ തുകയുടെ ചെക്ക് ശബരീഷ് വർമയും ഭാര്യ അശ്വിനിയും ചേർന്ന് സരിതക്ക് കൈമാറി.
പഞ്ചായത്തംഗം പി.എസ്.അംബുജാക്ഷൻ, അവാർഡ് കോ-ഓഡിനേറ്റർ സിസ്റ്റർ റോസ്ന, ബിഗ് ഫാമിലി കൂട്ടായ്മ പ്രതിനിധികളായ ജഫീൽ, സാവിയോ ജോസ്, അജയ് ശങ്കർ, ഷിനാസ്,വിഷ്ണു, ആൽബർട്ട് ,ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ചാലക്കുടിയിലെ അവാർഡ് സംഘടനയാണ് ഈ സംരംഭകത്തിന് മേൽനോട്ടം വഹിക്കുന്നത്.
ഇരട്ടിമധുരത്തിന്റെ സന്തോഷത്തിൽ ശബരീഷ് വർമ
കൊടകര: വിവാഹത്തിന്റെ ആഘോഷചടങ്ങുകൾ ചുരുക്കി ആ തുക നിർധനകുടുംബത്തിന് വീടൊരുക്കാൻ സമ്മാനിച്ചതിന്റെചാരിതാർഥ്യത്തിലാണ് നടൻ ശബരീഷ് വർമ.
ഇന്നലെ ലളിതമായി നടന്ന തന്റെ രജിസ്റ്റർ വിവാഹത്തിന്റെ തിരക്കുകളിൽ നിന്ന് ശബരീഷ് ഭാര്യ അശ്വിനിയോടൊപ്പം ഓടിയെത്തിയത് മറ്റത്തൂരിലെ മുട്ടത്തുകുളങ്ങരയിൽ നിർമിക്കുന്ന സരിതയുടെ വീടിന്റെ തറക്കല്ലിടൽ ചടങ്ങിലേക്കാണ്.പ്രേമം സിനിമയിലെ അഭിനയത്തിലൂടേയും ഗാനരചനയിലൂടേയും മലയാളികൾക്ക് പരിചിതനായി മാറിയ ശബരീഷ് തന്റെ ജീവിതത്തിലെ മൂന്നുസമ്മാനങ്ങൾ ഒരുമിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചു.
വിവാഹവും വിവാഹം നടന്ന അന്നുതന്നെ ജീവിതപങ്കാളിയോടൊപ്പം വീടിന്റെ തറക്കല്ലിടുന്ന സൽകർമത്തിൽ പങ്കെടുക്കാനായതും വെള്ളിയാഴ്ച ലഢു എന്ന തന്റെ സിനിമ റിലീസായതുമാണ് ഈ മൂന്നു സമ്മാനങ്ങൾ. ഇന്നലെ രാവിലെയായിരുന്നു ശബരീഷ് വർമയുടെ വിവാഹം. മുംബൈ സ്വദേശിനിയായ അശ്വിനിയാണ് വധു.
വിവാഹ ശേഷം ഇരുവരും ചേർന്ന് പങ്കെടുത്ത ആദ്യത്തെ ചടങ്ങുകൂടിയായിരുന്നു വീടിന്റെ തറക്കില്ലിടൽ. ലഡു സിനിമയിലെ നായകനും ഭാര്യക്കും സുഹൃത്തുക്കൾക്കും ലഡു നൽകിയാണ് നാട്ടുകാർ ശബരീഷിനെ സ്വീകരിച്ചത്. തറക്കല്ലിടലിനു സാക്ഷ്യം വഹിക്കാനും നടനേയും ഭാര്യയേയും കാണാനുമായി നിരവധി നാട്ടുകാർ എത്തിയിരുന്നു.