ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ രണ്ട് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം. വടക്കൻ ഡൽഹിയിൽ പാതയോരത്ത് അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച പുലർച്ചെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ അറിയുന്നത്. തുടർന്നു ഇവർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വയസ് പ്രായമുള്ള ഒരു കുട്ടിയെ സെൻട്രൽ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചു. പിന്നീട് കാണാതായ കുട്ടിയാണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നിന് അടിമയായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം ഇയാൾ റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
റെയിൽവേ ട്രാക്കിൽനിന്നും പോലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും അധികൃതർ അറിയിച്ചു.