കുട്ടികളുടെ മുമ്പില്‍ ഞാനെന്നെ മറക്കും, വേണമെങ്കില്‍ തുള്ളുകയും ഓടുകയുമൊക്കെ ചെയ്യും! ആരൊക്കെ കളിയാക്കിയാലും കുട്ടികള്‍ക്ക് വേണ്ടത് ഇനിയും ചെയ്യും; ഓട്ടന്‍തുള്ളലിലൂടെ വൈറലായ ആ ടീച്ചര്‍ പറയുന്നു

മലയാളികളുടെ ചില പൊതുസ്വഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അസൂയയില്‍ നിന്നുണ്ടാകുന്ന പരിഹാസം. നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യമാണെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ അപമാനിക്കുക എന്നത്. സമാനമായ ഒരു സംഭവത്തിന് ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് ഒരു ടീച്ചര്‍, സ്‌കൂളിലെ സ്റ്റേജില്‍ കളിച്ച ഓട്ടന്‍തുള്ളലാണ് അത്.

തൃക്കരിപ്പൂര്‍ സെന്റ് പോള്‍ ജിയുപിഎസില്‍ എം.വി. ഉഷ എന്ന ടീച്ചറാണ് തന്റെ പ്രകടനത്തിലൂടെ സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായത്. എന്നാല്‍ ആരൊക്കെ ആക്രമിച്ചാലും ഒരു അധ്യാപിക എന്ന നിലയില്‍ കുട്ടികള്‍ക്ക് വേണ്ടത് താന്‍ ഇനിയും ചെയ്യുമെന്നാണ് ഉഷ ടീച്ചര്‍ വ്യക്തമാക്കുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ടീച്ചര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടീച്ചറുടെ വാക്കുകളിങ്ങനെ..

എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ എന്തുംചെയ്യും. എനിക്ക് അവര്‍ വിദ്യാര്‍ഥികളല്ല. എന്റെ മക്കളാണ്. അവര്‍ക്ക് കാര്യം മനസിലാവണം. പഠിക്കണം. മറക്കാതെ ഓര്‍ത്തിരിക്കണം. അതിന് ഞാന്‍ തുള്ളണമെങ്കില്‍ തുള്ളും. ഓടണമെങ്കില്‍ ഓടും. നവംബര്‍ 14ന് മൈക്കിന് മുന്നില്‍ കണ്ട ആ ഊര്‍ജം ഇപ്പോഴും അടങ്ങിയിട്ടില്ല ഉഷ ടീച്ചര്‍ക്ക്. ആദ്യം ഉയര്‍ന്ന വിമര്‍ശനങ്ങളെ പിന്നീട് അനുകൂലമാക്കിയതിന്റെ സന്തോഷവുമുണ്ട്, ടീച്ചര്‍ക്ക്.

സോഷ്യല്‍മീഡിയയിലെ കളിയാക്കലുകള്‍ എന്നെ ബാധിച്ചില്ല. പക്ഷേ ‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാന്‍, ഇങ്ങനേയും ടീച്ചര്‍മാരുണ്ടോ’. വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവര്‍ കുറച്ചുപേര്‍ എന്റെ മകളോട് അങ്ങനെ ചോദിച്ചു എന്നറിഞ്ഞപ്പോള്‍ എന്തോ സങ്കടം തോന്നി. ‘പ്രീ പ്രൈമറി ടീച്ചിങ് രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് പിള്ളേരുടെ മുന്നില്‍ ആടിയും പാടിയും അഭിനയിച്ചും ഒക്കെ തന്നെയാണ് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്.

എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ… ഇതൊക്കെ നാണക്കേടല്ലേ…അതല്ലെങ്കില്‍ നാട്ടുകാര്‍ കണ്ടാല്‍ എന്തു വിചാരിക്കും വൈറലാകുമോ എന്നൊന്നും ചിന്തിക്കാറില്ല. ഞാനെന്നെ മറക്കും, എന്റെ ശരീരം മറക്കും. സര്‍വ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളില്‍ അത് എത്തണമെന്ന് മാത്രം. ഞാനിങ്ങനാണ്.’ വിമര്‍ശകരോട് ടീച്ചര്‍ പറയുന്നു.

Related posts