ഹര്‍ത്താലോ കൈക്കുഞ്ഞിനെക്കുറിച്ചുള്ള ആകുലതയോ തടസമായില്ല! മൂന്ന് മാസം പ്രായമായ കുഞ്ഞിനെയുമായി പരീക്ഷയെഴുതി യുവതി; അമ്പിളിയുടെ നിശ്ചയദാര്‍ഢ്യത്തിന് നിറകയ്യടി

നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി വാര്‍ത്തകളില്‍ താരമായ കാര്‍ത്ത്യായനിയമ്മയ്ക്കുശേഷം ഇപ്പോഴിതാ മറ്റൊരു വ്യക്തിയുടെ പ്ലസ്തു തുല്യതാ പരീക്ഷയെഴുത്തും ശ്രദ്ധേയമായിരിക്കുന്നു.

ഇരുമ്പനം സ്വദേശിയായ അമ്പിളി കെ. ചാലില്‍ എന്ന യുവതിയാണ് തന്റെ കൈക്കുഞ്ഞിന്റെ സാന്നിധ്യത്തില്‍ പരീക്ഷയെഴുതിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് പരീക്ഷാവേളയില്‍ അമ്പിളി ഒപ്പം കൂട്ടിയത്. അതും പ്ലസ്ടു തുല്യതാ പരീക്ഷ.

ശനിയാഴ്ചത്തെ അപ്രതീക്ഷിത ഹര്‍ത്താലാണ് അമ്മയ്‌ക്കൊപ്പം കുഞ്ഞിനെയും പരീക്ഷയ്ക്ക് ഒപ്പം കൂട്ടേണ്ട അവസ്ഥയുണ്ടാക്കിയത്. ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നു കുഞ്ഞിനെ നോക്കാമെന്ന് അറിയിച്ചിരുന്ന ബന്ധുവിന് എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കുഞ്ഞിന്റെ കാര്യംകൊണ്ട് പരീക്ഷ എഴുതാതെ മാറ്റിവയ്ക്കാന്‍ അമ്പിളിയ്ക്ക് സാധിക്കുമായിരുന്നില്ല. പിന്നെ ഒന്നും നോക്കിയില്ല, കുഞ്ഞിനെ വാരിയെടുത്ത് നടന്നു, സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളിലേക്ക്.

എന്നാല്‍ ദൈവം സഹായിച്ചു. തന്റെ കൈക്കുഞ്ഞിനെ സ്‌കൂള്‍ അധികൃതര്‍ പൊന്നുപോലെ നോക്കി, പരീക്ഷ നടന്ന 2 മണിക്കൂര്‍. കുഞ്ഞിനു കിടക്കാനുള്ള ഷീറ്റ് പോലും സ്‌കൂള്‍ അധികൃതര്‍ നല്‍കി. പരിപാലനവും അവര്‍ ഏറ്റെടുത്തു. പരീക്ഷ എളുപ്പമായിരുന്നെന്നും അമ്പിളി പറഞ്ഞു.

Related posts