പത്തനാപുരം: രാത്രികാല തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍. പരിശോധനകളോ നടപടിയോ എടുക്കാതെ വകുപ്പുകള്‍.മേഖലയില്‍ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ട് നാളുകളേറെയാകുന്നു. പത്തനാപുരം, കുന്നിക്കോട് മേഖലകളില്‍ ഇരുപത്തിയഞ്ചിലധികം തട്ടുകടകളാണ് പ്രവര്‍ത്തിക്കുന്നത്.
ശബരിമല സീസണ് പ്രമാണിച്ച് പത്തോളം കടകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കകം ആരംഭിച്ചിട്ട് ഉണ്ട്. എന്നാല്‍ ഇതില്‍ അഞ്ചില്‍ താഴേ എണ്ണത്തിന് മാത്രമേ അംഗീകാരമുള്ളൂ എന്നതാണ് സത്യാവസ്ഥ. പഴകിയ വസ്തുക്കളും എണ്ണയും ഉപയോഗിച്ച് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് തട്ടുകടകളുടെ പ്രവര്‍ത്തനം. മലിനമായ ജലവും തുറന്ന അന്തരീക്ഷത്തിലുള്ള പാചകവുമാണ് കടകളില്‍ ഉള്ളത്.
ഇതിന് പിന്നാലെ പഴകിയ ഭക്ഷണം നല്‍കുന്നതായും പരാതിയുണ്ട്. കടകള്‍ എല്ലാം തന്നെ താല്‍ക്കാലിക സംവിധാനത്തില്‍ ഒരുക്കുന്നവയാണ്. ആറ് മാസത്തിന് മുന്‍പാണ് ഏറ്റവും ഒടുവില്‍ പട്ടണത്തില്‍ ആരോഗ്യവകുപ്പിന്റേയും ഭക്ഷ്യസുരക്ഷവകുപ്പിന്റേയും പരിശോധന നടന്നത്.
അത് പകലായതിനാല്‍ തന്നെ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ പരിശോധന നടന്നില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് കൂടി സഹകരിച്ചാല്‍ മാത്രമേ രാത്രിയില്‍ പരിശോധന നടക്കുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാല്‍ പരിശോധനയ്ക്കാവശ്യമായ വാഹനത്തിന്റേയും മറ്റ് സാമഗ്രികളുടെയും പോരായ്മ ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധനകള്‍ക്ക് തയാറല്ല.
ഒരു വര്‍ഷം മുന്‍പ് പരിശോധന നടത്തിയപ്പോള്‍ തട്ടുകടക്കാര് വകുപ്പ് ജീവനക്കാരില്‍ നിന്നും നോട്ടീസ് കൈപറ്റാന്‍ തയാറായില്ല. ഇതെതുടര്‍ന്ന് പോലീസ് ഇടപെട്ടാണ് നോട്ടീസ് നല്‍കിയത്. പഞ്ചായത്തിന്റേയോ ആരോഗ്യവകുപ്പിന്റേയോ അനുമതിയില്ലാതെയാണ് കടകളുടെ പ്രവര്‍ത്തനം.