കോട്ടയം: എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ലഹരി വിമുക്ത പ്രവർത്തനമായ വിമുക്തിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക്് ഗ്രാമപഞ്ചായത്തുകൾക്ക് 25000 രൂപയും മുനിസിപ്പാലിറ്റികൾക്ക് 50000 രൂപയും അനുവദിച്ചിട്ടുണ്ട്. റേഞ്ച് ഇൻസ്പെക്ടർമാർ മുഖേന ലഭ്യമാക്കുന്ന ഈ തുക പല സ്ഥാപനങ്ങളും വാങ്ങിയിട്ടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം, ലഘു ലേഖ വിതരണം, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായാണ് തുക വിനിയോഗിക്കേണ്ടത്. എന്നാൽ തുക കൈപ്പറ്റിയിട്ടുള്ളവർ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തിയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരിൽ നിന്നും ജില്ലാ കളക്ടർ വിശദീകരണംതേടി.
വിമുക്തി പദ്ധതിയുടെ വാർഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ ഡോ. ബി. എസ് തിരുമേനിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള വിമുക്തി പദ്ധതിയുടെ കീഴിൽ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല.
വാർഡുതല സമിതികളിൽ തീരുമാനിക്കുന്ന പദ്ധതികളാണ് ലഹരി വർജന മിഷനിൽ നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലാണ് വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. അബ്ദുൾകലാം വിശദീകരിച്ചു.
93 സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരി വിരുദ്ധ ക്ലബുകൾ രൂപീകരിച്ചിട്ടുള്ള 120 സ്കൂളുകൾ ഉൾപ്പെടെ 170 സ്കൂളുകളിൽ പരാതി പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ കോളനികളിലും ക്ലാസുകൾ ഉൾപ്പെടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാന്പാടി, എഡിഎം അലക്സ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.