പൂച്ചാക്കൽ: ഗജ ചുഴലിക്കാറ്റിന്റെ അലയടികൾ ഏറ്റുവാങ്ങിയ ജില്ലയുടെ വടക്കൻമേഖല ശ്മശാന ഭൂമിയായി. കനത്ത മഴയിലും കാറ്റിലും വ്യാപകനാശം വിതച്ചാണ് ഗജ മടങ്ങിയത്. നിരവധി വീടുകൾ മരങ്ങൾ വീണ് പൂർണമായും തകർന്നു. ഒരു കോടി രൂപയിൽമേൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. തൈക്കാട്ടുശേരി പഞ്ചായത്ത് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകളിലും പാണാവള്ളി 12ാം വാർഡിലുമാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കടപുഴകി വീണ വൻമരങ്ങൾ നീക്കം ചെയ്യുന്ന ജോലിയാണ് നിലവിൽ ചെയ്യുന്നത്.
ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ മൂന്നു ദിവസത്തിനകം കണക്കാക്കാൻ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലം മന്ത്രി തോമസ് ഐസക്, എ.എം. ആരീഫ്, ആലപ്പുഴ സബ് കളക്ടർ കൃഷ്ണതേജ, ചേർത്തല തഹസീൽദാർ റഷീദ് എന്നിവർ സന്ദർശിച്ചു.
വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ളതിനാൽ പൂച്ചാക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരെ കൂടാതെ ചേർത്തലയിലെ സെക്ഷൻ ഓഫീസുകളിൽ നിന്നുള്ള തൊഴിലാളികളെയും കരാർ അടിസ്ഥാനത്തിലുള്ള തൊഴിലാളികളെയും വിളിച്ച് നിർമാണം പുരോഗമിക്കുകയാണ്.
പൂർണമായും വൈദ്യുതി പുനഃസ്ഥാപിക്കാൻ ഏകദേശം അഞ്ചുദിവസമെങ്കിലും വേണ്ടിവരും. ഒടിഞ്ഞ പോസ്റ്റുകൾ മാറ്റി ഇടാനുള്ള പോസ്റ്റുകളുടെ ദൗർലഭ്യവും പ്രശ്നമാണ്. പോസ്റ്റുകൾ കൂടുതലായി എത്തിക്കേണ്ട സാഹചര്യമുണ്ട്. മറ്റ് മെറ്റീരിയലുകളുടെയും ദൗർലഭ്യമുണ്ട്. ചേർത്തല കഐസ്ഇബിയിൽ നിന്നും കുറേ പോസ്റ്റുകൾ എത്തിച്ചിട്ടുണ്ട്. കാറ്റിൽ ചരിഞ്ഞ് വീഴാൻ നിൽക്കുന്ന പോസ്റ്റുകളും അനവധിയുണ്ട്.
തൈക്കാട്ടുശേരി പഞ്ചായത്തിൽ സൻസദ് ആദർശ് യോജന പ്രകാരം ഇട്ട കേബിളുകളും പൊട്ടി വീണത് കഐസ്ഇബിക്ക് കനത്ത നഷ്ടം വേറെയും വരുത്തി വെയ്ക്കുന്നുണ്ട്. 11 കെവി ലൈനിലെ പോസ്റ്റ് ഒടിഞ്ഞ് വീണതും ഗുരുതരമായ വൈദ്യുതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അരക്കിലോമീറ്റർ പോലും ദൂരമില്ലാത്ത തേവർവട്ടം കണ്ണാടി കവലയ്ക്കും പൂച്ചാക്കലിനും ഇടയിൽ 54 പോസ്റ്റുകൾ ഒടിഞ്ഞ് വീണതായി കണക്കാക്കുന്നു.
25 ലക്ഷം രൂപയോളം വൈദ്യുതി പുനസ്ഥാപിക്കാനുള്ള സാധന സാമഗ്രികൾക്ക് മാത്രമാകും. ശനിയാഴ്ച വൈകുന്നേരം വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകൾ തകർന്നത് കൂടാതെ വൈദ്യുതിയും കുടിവെള്ളവും ഇല്ലാതായത് ജനത്തെ വല്ലാതെ വലച്ചിരിക്കുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കും .
മരങ്ങൾ കൂട്ടത്തോടെ വീണു ലൈൻകന്പി പൊട്ടി വീണ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ ഒരാഴ്ചയോളം എടുക്കുമെന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നു. ജപ്പാൻ കുടിവെള്ള പന്പിംഗ് വൈദ്യതി മുടക്കത്തിൽ തടസപ്പെടാതിരിക്കാൻ സൗകര്യങ്ങൾ ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വീടുകളിലെ മോട്ടോർ പ്രവർത്തിക്കാത്തതിനാൽ വെള്ളം കിട്ടാത്ത പല വീടുകളുമുണ്ട്. ഇവർ വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്.