സിനിമ മേഖലയില്‍ സത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ഹോളിവുഡിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മീടൂ ക്യാംപെയ്ന്റെ പിറവി തന്നെ ഹോളിവുഡില്‍ നിന്നാണ്. പിന്നീട് ബോളിവുഡിലേക്കും തെന്നിന്ത്യന്‍ സിനിമയിലേക്കും വ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം റിച്ച ഛദ്ദ സംവിധായകനില്‍ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നടിക്കുകയാണ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് സംവിധായകനില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന് ആവശ്യപ്പെടുകയായിരുന്നു. ഹൈവെയ്സ്റ്റ് പാന്റിടുമ്പോള്‍ പൊക്കിള്‍ എങ്ങനെയാണ് കാണിക്കേണ്ടി വരിക എന്ന് ഊഹിക്കാമല്ലോ?. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ ഉപയോഗിച്ച് വരച്ചു കാട്ടിയാണ് ഞാന്‍ പ്രതികരിച്ചത്-റിച്ച പറഞ്ഞു.
മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ അവസരം നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. നാനാ പടേക്കര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് തനുശ്രീ ദത്തയോടും, പുരോഹിതനെതിരെ പ്രതികരിച്ചതിന് കന്യാസ്ത്രീയോടും സമൂഹം ചെയ്തതു തന്നെയാണ് ബോളിവുഡില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പല സംവിധായകര്‍ക്കും സിനിമയെടുക്കുന്നതിലല്ല താല്‍പ്പര്യം അതിന്റെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനാണ്-റിച്ച പറഞ്ഞു.