അഗളി: ഏറെ കഷ്ടപ്പെട്ടും വൻതുക മുടക്കിയും കവുങ്ങിന് മരുന്നടിച്ച് വശംകെട്ട അട്ടപ്പാടി പുലിയറയിലെ അറുപത്തിമൂന്നുകാരനായ കർഷകന്റെ കരവിരുത് കപ്പി ഘടിപ്പിച്ച ഈറ്റത്തോട്ടിക്ക് രൂപം നല്കി. വളരെ ലളിതവും ആവർത്തനചെലവ് ഇല്ലാത്തതുമായ തോട്ടിയ്ക്ക് ഇരുന്നൂറു രൂപയിൽ താഴെയേ വിലവരൂ.
പരസഹായം കൂടാതെ തോട്ടത്തിലൂടെ കൊണ്ടുനടന്ന് മരുന്നടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രമം തെറ്റിയ വർഷവും കോടമഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് കമുക് കർഷകർക്ക് വിനയാകുന്നത്. നല്ലതോതിൽ അടയ്ക്ക വിരിയുമെങ്കിലും അത് വിളയിച്ചെടുക്കാൻ അഞ്ചോ അതിലധികമോ തവണ മരുന്നടിക്കേണ്ടിവരും.
ഇത്തരം പരിപാലനത്തിലൂടെ വിളവെടുത്താൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. കവുങ്ങിൽ കുരുമുളക് കൊടി കൃഷി ചെയ്തിട്ടുള്ള കർഷകരും വിരളമല്ല. പലതവണ മരത്തിൽ കയറിയിറങ്ങിയാൽ കുരുമുളക് കൊടിക്കും നാശം സംഭവിക്കും. നഷ്ടം സഹിക്കാമെന്ന് വെച്ചാൽതന്നെ കവുങ്ങിൽ കയറാൻ ആളില്ലാത്ത അവസ്ഥയുമാണ്.
ഈ പശ്ചാത്തലത്തിലാണ് കപ്പി ഈറ്റത്തോട്ടിയുടെ പിറവി. അഗളി പുലിയറയിൽ കൊടിപ്ലാക്കൽ ജോയി (ജോസഫ് -63) ആണ് ഇതിന്റെ ഉപജ്ഞാതാവ്. നാലു പതിറ്റാണ്ട് മുന്പ് അട്ടപ്പാടിയിലേക്ക് കൊടിയേറിയപ്പോൾ ഒറ്റച്ചിന്തയേ ജോയിയുടെ മനസിലുണ്ടായിരുന്നുള്ളൂ. കൃഷി ചെയ്യുക, വരുമാനമുണ്ടാക്കുക, നല്ലവണ്ണം ജീവിക്കുക ഇതായിരുന്നു ചിന്ത. ആഗ്രഹം സഫലീകരിക്കാൻ കുളിരും മഞ്ഞും മഴയും വെയിലും കളയാതെ മണ്ണിൽ പണിയെടുത്തു.
കവുങ്ങായിരുന്നു പ്രധാന കൃഷി. കാപ്പി, കുരുമുളക്, ഏലം, ഗ്രാന്പൂ തുടങ്ങി എല്ലാ വിളകളും നട്ടുവളർത്തി. എന്നാൽ പ്രതികൂല കാലാവസ്ഥയും കീടശല്യവും മൂലം ഏലം അടക്കമുള്ള പല കൃഷികളും നശിച്ചു. ഇതിനിടെ ശേഷിച്ച കവുങ്ങുകൾ ഉയരങ്ങളിലെത്തിയിരുന്നു. അവ പരിപാലിക്കാനും ഫലം പറിച്ചെടുക്കാനും ആളില്ലാതായി.
തന്റെ ഇരുപത്തിമൂന്നാം വയസിൽ അട്ടപ്പാടിയിലെ മണ്ണിനോട് മല്ലടിക്കുന്പോൾ ധാരാളം പേർ പണിക്കാരായി ഉണ്ടായിരുന്നു. അന്ന് കുടുംബങ്ങളിൽ അംഗങ്ങൾ കൂടുതലുണ്ടായിരുന്നതിനാൽ അധ്വാനിക്കാൻ ആളുണ്ടായിരുന്നു. എന്നാൽ ഇന്ന് മക്കളുടെ എണ്ണം കുറഞ്ഞതോടെ പണിക്ക് ആളെ കിട്ടാതായി. ആരോഗ്യം ക്ഷയിച്ചെങ്കിലും തോറ്റു പിൻമാറാൻ മനസില്ലെന്ന തീരുമാനത്തിലായിരുന്നു ഈ അറുപത്തിമൂന്നുകാരൻ.
തന്റെ നാലേക്കർ സ്ഥലത്തെ മുഴുവൻ കവുങ്ങുകളിലും ഒറ്റയ്ക്ക് മരുന്നടിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചു. ആവശ്യാനുസരണം നീളം കൂട്ടാനും കുറയ്ക്കാനും ഉതകുന്ന തരത്തിലുള്ള തോട്ടി നിർമാണം തുടങ്ങി. നന്നായി ഉണങ്ങിയ വടിവൊത്ത രണ്ട് ഈറ്റകളും രണ്ട് ചെറിയ കപ്പികളും രണ്ട് നട്ടും ബോൾട്ടും കുറച്ച് പ്ലാസ്റ്റിക് കയറും ചരടും ഒരു പഴയ സൈക്കിൾ ട്യൂബും ഉണ്ടെങ്കിൽ തോട്ടി റെഡി.
ആദ്യത്തെ ഈറ്റയുടെ ചുവട്ടിലും തലപ്പത്തും നട്ടും ബോൾട്ടും ഉപയോഗിച്ച് കപ്പികൾ ഉറപ്പിക്കുന്നു. കപ്പികൾ തമ്മിലും പിള്ളതോട്ടിയുമായും പ്ലാസ്റ്റിക് കയറാൽ ബന്ധിപ്പിക്കുന്നു. തുടർന്ന് പതാക ഉയർത്തും വിധം പിള്ളത്തോട്ടി ആവശ്യാനുസരണം മുകളിലേക്കുയർത്താം. പിള്ളത്തോട്ടി ഇളകാതെ നിർത്താൻ ബ്രേക് സംവിധാനവുമുണ്ട്. സൈക്കിൾ ട്യൂബും ചരടും ഇതിനായി ഉപയോഗിക്കുന്നു.
തോട്ടിയുടെ അഗ്രത്തിൽ ഹോസ് ഉറപ്പിച്ചാൽ പരസഹായമില്ലാതെ തന്നെ തോട്ടത്തിലൂടെ കൊണ്ടുചെന്ന് മരുന്നടിക്കാനാകും. രണ്ടുവർഷമായി ഈ തോട്ടി ഉപയോഗിച്ചാണ് തോട്ടത്തിൽ മരുന്നടിക്കുന്നതെന്ന് ജോയ് പറഞ്ഞു. പരിസരപ്രദേശങ്ങളിൽ ഇത്തരം തോട്ടിയുടെ ഉപയോഗം വ്യാപകമായിക്കഴിഞ്ഞു. ജോയിയുടെ കണ്ടെത്തൽ ഏറെ ഗുണകരമായെന്ന് ചെറുകിട കർഷകർ പറയുന്നു.
വൈവിധ്യമാർന്ന വൃക്ഷലതാതികളാൽ സന്പന്നമാണ് ജോയിയുടെ കൃഷിയിടം. പലതരം ഒൗഷധച്ചെടികളും ഇദ്ദേഹം പരിപാലിക്കുന്നു. വീട്ടുമുറ്റത്ത് വെള്ളക്കുറിഞ്ഞിയും നീലക്കുറിഞ്ഞിയും വളർന്നു നിൽക്കുന്നുണ്ട്. ഇപ്പോൾ വെള്ളകുറിഞ്ഞികൾ പൂത്തുലഞ്ഞു തുടങ്ങി. വർഷങ്ങൾക്കു മുന്പ് വെള്ളിങ്കിരി മലകളിൽ നിന്നും കൊണ്ടുവന്ന് നട്ടുവളർത്തിയതാണത്രെ നീലക്കുറുഞ്ഞികൾ.
ഇടുക്കി അടിമാലി കൊന്നത്തടി സ്വദേശികളായ പാസ്റ്റർ കെ.ജെ മാമച്ചൻ- മേരി ദന്പതികളുടെ ആറുമക്കളിൽ മൂത്തയാളാണ് ജോയ്. ഭാര്യ: ഏലിയാമ്മ ഇടുക്കി ചേലച്ചോട് ജോസഫ്- ഏലമ്മ ദന്പതികളുടെ മകളാണ്.