ശബരിമല: നിലയ്ക്കൽ – പന്പ ബസുകൾ രാത്രി സർവീസുകൾ ഇന്നലെയും നിർത്തിവയ്പിച്ചു.രാത്രി എട്ടിനുശേഷം പുലർച്ചെ രണ്ടിനാണ് നിലയ്ക്കലിൽ നിന്നു പന്പാ സർവീസുകൾ അയച്ചത്. പോലീസ് നിർദേശ പ്രകാരമായിരുന്നു ഇത്. 24 മണിക്കൂറും ബസ് സർവീസുകൾ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നതായി പറയുന്നു.
എന്നാൽ ഇത്തരം നിർദേശങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നും നിയന്ത്രണങ്ങൾ തുടരുമെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.ഉച്ചയ്ക്കും പന്പ ബസുകൾ ഓടുന്നില്ല. 12 മുതൽ രണ്ടുവരെയാണ് നിയന്ത്രണം. പോലീസ് നിയന്ത്രണവും ആളുകൾ കുറഞ്ഞതും കാരണം നിലയ്ക്കൽ – പന്പ റൂട്ടിൽ സർവീസിനെത്തിച്ചിരുന്ന ബസുകൾ 50 എണ്ണം കെഎസ്ആർടിസി പിൻവലിച്ചു.
310 ബസുകളാണ് ചെയിൻ സർവീസിനെത്തിച്ചിരുന്നത്. 10 ഇലക്ട്രിക് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഓടുന്നുള്ളൂ.നിലയ്ക്കലിലെത്തുന്ന അയ്യപ്പഭക്തർക്കുമേൽ കർശന നിയന്ത്രണം തുടരുന്നതായി ആക്ഷേപമുയർന്നു. നിലയ്ക്കൽ മഹാദേവക്ഷേത്രത്തിലും തിരക്ക് കുറഞ്ഞു. നിലയ്ക്കലിലെ വഴിപാട് വില്പനയിലും കുറവുണ്ടായി. കടകളിലും വില്പന കുറവാണ്.