റെനീഷ് മാത്യു
കണ്ണൂർ: നിലന്പൂർ ഏറ്റുമുട്ടലിന്റെ വാർഷികാഘോഷം വിപുലമായി ആഘോഷിക്കാൻ മാവോയിസ്റ്റുകൾ. ഇതിനായി കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ട്രൈ ജംഗ്ഷൻ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകൾ രൂപീകരിച്ച വരാഹിണി ദളത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങിയതായി സൂചന.
ഈ മാസം 24നാണ് വാർഷികാഘോഷം. പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് തിരിച്ചടികൾ നല്കാൻ പദ്ധതികൾ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പോലീസിനു നല്കുന്ന മുന്നറിയിപ്പ്മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
പാലക്കാടും വയനാടും മാവോയിസ്റ്റുകളുടെ നേതൃത്വത്തിൽ നിർബന്ധിത പണപിരിവും നടന്നു വരികയാണ്.മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാൻ 2017 ൽ രൂപീകരിച്ചതാണ് വരാഹിണി ദളം. 2016 നവംബർ 14നാണ് ഇവർ നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ എട്ടംഗസംഘമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആൾബലം കൂടിയതായാണ് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം.
വയനാട് വന്യജീവി സങ്കേതവും തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതവും കേന്ദ്രീകരിച്ചാണ് വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനാണ് ഈ ദളത്തിന് നേതൃത്വം നല്‍കുന്നത്. നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം വയനാട്ടിലെ വനാതിർത്തിയിലെ കോളനികളിൽ വരാഹിണി ദളത്തിന്റെ സന്ദർശനം നിരവധി തവണ ഉണ്ടായിരുന്നു.
വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ന്ന കബനി ദളം, നിലമ്പൂര്‍, തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളടങ്ങിയ ഭവാനി ദളം എന്നിവയാണ് നിലവിലുള്ള ദളങ്ങള്‍.
വയനാട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകൾ വ്യാപകമായി പണപ്പിരിവും നടത്തുന്നുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള ക്വാറികൾ, റിസോർട്ടുകൾ എന്നിവയുടെ ഉടമകളെ കേന്ദ്രീകരിച്ചാണ് പണപ്പിരിവ്. പണം നഷ്ടപ്പെട്ടവരിൽ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവും ഉണ്ട്.
എന്നാൽ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. പണപിരിവുമായി ബന്ധപ്പെട്ട് വയനാട്,പാലക്കാട് ജില്ലകളിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പണം വേണമെന്ന ആവശ്യവുമായി ആദ്യം കത്തിന്റെ രൂപത്തിലാണ് ഉടമകൾക്ക് എത്തുന്നത്. പിന്നീട് സായുധ സംഘമായി എത്തുന്ന മാവോയിസ്റ്റ് സംഘം പണവുമായി മടങ്ങുകയാണ്.