സ്വന്തം ലേഖകൻ
തൃശൂർ: ആശങ്കകളുടേയും ആശയക്കുഴപ്പങ്ങളുടേയും തിരശീല മാറി. നാടകപ്രേമികൾ കാത്തിരുന്ന അന്താരാഷ്ട്ര നാടകോത്സവം മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര നാടകോത്സവം “ഇറ്റ്ഫോക്ക്’ അടുത്ത വർഷം ജനുവരി 20 മുതൽ 26 വരെയാണ് നടക്കുക.
പ്രളയാനന്തര കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇറ്റ്ഫോക്ക് നടത്തണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. പരമാവധി ചെലവുകൾ കുറച്ചാണ് പ്രത്യേക സാഹചര്യത്തിൽ നാടകോത്സവം നടത്തുന്നതെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു.
ആറു വിദേശനാടകങ്ങളടക്കം 13 നാടകങ്ങളാണ് ഇറ്റ്ഫോക്ക് 2019ൽ അവതരിപ്പിക്കുക. നാടകസംഘങ്ങളിലെ കലാകാരന്മാരുമായുള്ള അഭിമുഖങ്ങളും രണ്ടു സെമിനാറുകളും നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എം.കെ. റെയ്ന, അരുന്ധതി നാഗ്, ജി. കുമാരവർമ എന്നിവരടങ്ങിയ ഫെസ്റ്റിവൽ ഡയറക്ടറേറ്റാണ് ഇറ്റ്ഫോക്ക് 2019ന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
വാട്ടർ പപ്പറ്റ് ഷോ (വിയറ്റ്നാം), മിഡ്സമ്മർ നൈറ്റ് ഡ്രീം (ഇറാൻ), ദി വെൽ (ഇറാൻ), മർഡർ (ഇസ്രയേൽ), ദി മെയ്ഡ്സ് (മലേഷ്യ), ബിറ്റർ നെക്ടർ (ശ്രീലങ്ക), ഡാർക് തിങ്ക്സ് (ന്യൂഡെൽഹി), പ്രൈവസി (ഹരിയാന), കറുപ്പ് (പോണ്ടിച്ചേരി) എന്നിവയും കേരളത്തിൽനിന്ന് അലി ബിയോണ്ട് ദി റിംഗ്, ഹിഗ്വിറ്റ എ ഗോളീസ് ആംഗ്സൈറ്റി അറ്റ് പെനാൽട്ടി കിക്ക്, ശാകുന്തളം എ ടേൽ ഓഫ് ഹണ്ട്, നൊണ എന്നീ നാടകങ്ങളാണ് ഇറ്റ്ഫോക്കിന്റെ 11-ാം എഡിഷനിൽ അവതരിപ്പിക്കുക.