കോട്ടയം: മേവെള്ളൂര്‍ വനിതാ സ്പോര്‍ട്സ് അക്കാഡമിയില്‍ പരിശീലനം നേടിയ മലയാളി ബാലതാരം അമേരിക്കന്‍ സബ് ജൂണിയര്‍ ഫുട്ബോളില്‍ പ്രതിഭ തെളിയിച്ചു. ഏബിള്‍ ജോണ്‍ ചെറിയാൻ എന്ന ബാലതാരത്തിന്റെ മികവില്‍ അലബാമ എഫ്സി മോണ്ട്ഗോമറി, സോക്കര്‍ സ്നാപ് ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി. എഫ്സി മോണ്ട്ഗോമറി അണ്ടർ 12 താരമാണ് ഏബിൾ.
കേരളത്തിലെ ഏക വനിതാ ഫുട്ബോള്‍ കോച്ച് ആയ ജോമോന് ജേക്കബ് നാമക്കുഴിയുടെ കീഴില്‍ രണ്ടു വര്‍ഷം ഏബിള്‍ പരിശീലനം നടത്തിയിരുന്നു. അവധികാലയളവിലാണ് ഏബിള്‍ പരിശീലനത്തിനായി നാമക്കുഴിയിലെത്തിയത്. ഈ ബാലതാരത്തിന്റെ മികവ് കണ്ടാണ് ജോമോന് അമേരിക്കയിലെ വിവിധ ക്ലബ്ബുകളില്‍ കൂടുതല്‍ ഫുട്ബോള്‍ പരിശീലനത്തിന് അവസരം ലഭിച്ചത്.
ജോമോന്റെതന്നെ ശിഷ്യരായ അക്ഷര, ശ്രീദേവി, ശ്രീവിദ്യ, ദേശീയതാരം കാവ്യ എന്നിവര്‍ക്കൊപ്പമാണ് അമേരിക്കന്‍ ബാലതാരവും പരിശീലനം നടത്തിയത്. ഇവരും സംസ്ഥാന, ദേശീയ ഫുട്ബോള്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ചവരാണ്. അമേരിക്കയിലെ ഫുട്ബോള്‍ ക്ലബ്ബായ റൗഡീസ് സോക്കര്‍ ക്ലബ്ബിലും വെസ്ലി ചാപ്പല്‍ സോക്കര്‍ ക്ലബ്ബിലും ഏബിള്‍ പരിശീലനം നേടിയിട്ടുണ്ട്. ഈ ക്ലബ്ബുകളിലാണു ജോമോനും പരിശീലനം നേടാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.
ജോമോന്റെ കീഴില്‍ പരിശീലനം നടത്തുന്ന പല താരങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവര്‍ക്കുള്ള സാമ്പത്തികസഹായവും ഈ അധ്യാപകന്തന്നെയാണ് വഹിക്കുന്നതും. നാമക്കുഴി വനിത സ്പോര്‍ട്സ് അക്കാഡമി സംസ്ഥാനതലത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള പല താരങ്ങളും ദേശീയ, സംസ്ഥാന ഫുട്ബോളില്‍ സ്ഥാനം നേടിയിട്ടുമുണ്ട്.
ആണ്‍കുട്ടികള്‍ക്കു പെണ്‍കുട്ടികളുടെ ഫുട്ബോള്‍ പാഠം
ഈ അക്കാഡമിയില്നിന്നു വളര്‍ന്ന് സംസ്ഥാന താരങ്ങളായ ശ്രീവിദ്യ, സഹോദരി ശ്രീദേവി, കെ.എ. അക്ഷര, കാവ്യ മനോജ് എന്നിവര്‍ ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കു ഫുട്ബോള്‍ പരിശീലനം നല്‍കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ സ്കൂൾ, കോളജ് തലത്തിലാണ് പരിശീലനം നൽകുന്നുണ്ട്.
പോറ്റിക്കവല, തണ്ണീര്‍മുക്കം, തൊടുപുഴ, വഴിത്തല എന്നിവിടങ്ങളിലാണു സൗജന്യ പരിശീലനം ഒരുക്കുന്നത്. ഇതിനകം ഇരുന്നൂറിലധികം പേര് ഇവര്‍ക്കു കീഴില്‍ പരിശീലനം നടത്തുന്നുണ്ട്. ഇവരുടെ കായികാധ്യാപകന് ജോമോനും ഇവരെ സഹായിക്കാനായി ക്യാമ്പുകളിലെത്തുന്നുണ്ട്.