തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീര്‍ഥാടനം സംബന്ധിച്ച് അമിത്ഷാ തന്‍റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. തീര്‍ഥാടനം ഒരു വിഷമവും ഇല്ലാതെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിമർശനം നടത്തിയത്.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തീര്‍ഥാടകരും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത്ഷായുടെ വിമർശനം തീര്‍ത്തും അപ്രസക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.