വൈക്കം: ബാറ്ററി വിൽക്കാനായി കടയിലെത്തി ഓഡറെടുക്കാനെന്ന വ്യാജേന സംസാരിച്ചു നിന്ന ശേഷം കടയിൽ നിന്നു 70,000ൽപരം രൂപ തട്ടിയെടുത്ത യുവാവിനെ ഷാഡോ പോലീസ അറസ്റ്റ് ചെയ്തു. വൈക്കം ഇത്തിപ്പുഴയിലെ ജിജിമോന്റെ കടയിൽ നിന്നു പട്ടാപകൽ കടയ്ക്കകത്തെ മേശയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന മാമല പുത്തൻകുരിശ് സ്വദേശി സനീഷി(33)നെയാണ് പുത്തൻകുരിശിലെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്.
ഇയാളുടെ വീട്ടിൽ നിന്നു മോഷ്ടിച്ച തുകയിലെ 50000ത്തിലധികം രൂപയും കണ്ടെടുത്തു. ഇയാൾ കടയിലെത്തിയ ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്. സെയിൽമാനെന്ന വ്യാജേന ഇയാൾ കടയിലെത്തിയപ്പോൾ ജിജി മറ്റൊരാൾക്ക് സാധനം വാങ്ങിയതിന്റെ ബാക്കി തുക ബാഗിൽ നിന്നെടുത്തു നൽകുന്നത് കണ്ടിരുന്നു.
പലചരക്കുകടയും ബേബക്കറിയുമൊക്കെ ഉൾപ്പെട്ട കടയായതിനാൽ മറ്റൊരു ഭാഗത്ത് സാധനം വാങ്ങാൻ ആളെത്തുന്പോൾ കടക്കാരൻ അവർക്കരിലേയക്ക് എത്തുന്ന സന്ദർഭം മോഷ്ടാവ് അവസരമാക്കുകയായിരുന്നു. കടക്കാരന്റെ ശ്രദ്ധ മറിയ സമയം ഇയാൾ കടയ്ക്കകത്തു കയറി പണം അപഹരിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച വിവരവും പോലീസിനു തുണയായി. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ സിഐ എസ് .ബിനു, എസ് ഐ രഞ്ജിത്ത് കെ.വിശ്വനാഥ്, ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ പോലീസിലെ എഎസ്ഐമാരായ കെ.നാസർ, പി.കെ.ജോളി, എം.എൽ.വിജയപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് മോഷ്ടാവിനെ അറസ്റ്റു ചെയ്തത്.