സ്വന്തം ലേഖകന്‍
കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരത്തിന് കൂടുതല്‍ ശക്തിപകരാന്‍ സംഘപരിവാര്‍ സംഘടനകള്‍ തന്ത്രം മാറ്റുന്നു. വീടുകളിലേക്കും സാധാരണക്കാര്‍ക്കും ഇടയിലേക്കിറങ്ങി ഒപ്പുശേഖരിക്കുന്നതിനും ഭക്തര്‍ ഇത്തവണ ശബരിമലയിലേക്ക് പോകുന്നതില്‍ വന്ന കുറവും എടുത്തുകാട്ടി ശക്തമായ പ്രചരണത്തിനിറങ്ങാനാണ് തീരുമാനം.
സ്ഥിരമായ ശബരിമലയിലെത്തുന്ന ഭക്തര്‍ ഇത്തവണ ശബരിമലയിലേക്ക് പോകാന്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നിലവിലെ സുരക്ഷാ ക്രമീകരണങ്ങളോടും സുപ്രീം കോടതി വിധിയോടുമുള്ള പ്രതിഷേധസൂചകമായാണ് ഇതെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളിലേക്കുള്പ്പെടെ ഇറങ്ങിച്ചെന്ന് ഭക്തരുടെ ഒപ്പുശേഖരിച്ച് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇത് പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സഹായകരമാകുമെന്നും വിലയിരുത്തുന്നു.
വീടുകയറിയുള്ള ഈ നീക്കത്തിനായി പ്രവര്‍ത്തകരെ നിയോഗിച്ചുകഴിഞ്ഞു. നേരത്തെ ശബരിമലയിലേക്ക് ഇത്ര പ്രവര്‍ത്തകരെ ദിനം പ്രതി അയക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ . രാധാകൃഷണന് അയച്ച സര്‍ക്കുലര്‍ വിവാദമായിരുന്നു.ഇതിനുപിന്നിലും ബിജെപി സംസ്ഥാന ഘടകത്തിലെ വിഴുപ്പലക്കാലാണെന്നാണ് ആര്‍എസ്എസ് കരുതുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
കോഴിക്കോട് യുവമോര്‍ച്ചാ ക്യാമ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം വീഡിയോ ദൃശ്യങ്ങള്‍സഹിതം പുറത്തുവന്നതും സംഘടനാ സര്‍ക്കുലര്‍ പുറത്തുവന്നതും സമരത്തിന് നേതൃത്വം നല്കുന്ന ബിജെപിയിൽ പടലപ്പിണക്കങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ സമരത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങളും കെ.സുര്രേന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായതും സമരമുഖത്ത് ബിജെപിക്ക് തരിച്ചടിയായി. ഈ ഒരു സാഹചര്യത്തിലാണ് സമരം കുടുതല്‍ ശക്തമായ ഏറ്റെടുക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന നേതാക്കള്‍ക്ക് ശബരിമല വിഷയത്തില്‍ കൂടുതലായൊന്നും ചെയ്യാനില്ലെന്ന് സംഘപരിവാറിന് മനസിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എഎസ്എസ് നേതാക്കളെ സജീവമാക്കാനാണ് തീരുമാനം. ബിജെപിക്കുള്ളിലെ ആഭ്യന്തരകലഹമാണ് ആര്‍എസ്എസിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ആര്‍എസ്എസ് പിന്തുണയോടെ സംസ്ഥാന അധ്യക്ഷനായ പി.എസ്. ശ്രീധരന് പിള്ളയോടുള്ള വിരോധമാണ് ശബരിമലവിഷയത്തിലും പ്രതിഫലിച്ചതെന്ന് ആര്‍എസ്എസ് കരുതുന്നു.
സര്‍ക്കുലറിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന്റെ പ്രതികരണം. എന്നാല്‍, പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും ഞങ്ങള്‍ അങ്ങിനെ പല സര്‍ക്കുലറും അയക്കുമെന്ന് എ.എന്‍. രാധാകൃഷണനും അറിയിച്ചു.
ശബരിമലവിഷയത്തില്‍ സുപ്രീംകോടതി വിധിയായതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയത് ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനുള്ള മറുപടിയായാണ് ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന് വിശേഷിപ്പിച്ചത്. ശബരിമലയില്‍ തങ്ങള്‍ നടത്തുന്നത് സ്ത്രീപ്രവേശനത്തിനെതിരായ സമരമല്ലെന്നും കമ്യൂണിസ്റ്റുകാര്‍ക്കെതിരായ സമരമാണെന്നുമുള്ള ശ്രീധരന്‍പിള്ളയുടെ പരാമര്‍ശവും ബിജെപിയെ പ്രതിരോധത്തിലാക്കി.