കൽപ്പറ്റ:പാർലമെന്റ് അംഗം എന്ന നിലയിൽ വയനാടിന്റ ഹൃദയത്തിൽ ഇടം നേടിയ ജനപ്രതിനിധിയാണ് എം.ഐ. ഷാനവാസ്. എംപി പദവിയിൽ ആദ്യ അഞ്ചു വർഷം മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സ്വാധീനക്കാനായതാണ് അദ്ദേഹത്തെ ലോക്സഭയിലേക്കുള്ള മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും വിജയത്തിലേക്കു നയിച്ചത്.
കടുത്ത മത്സരത്തിനൊടുവിലായിരുന്നു പാർലമെന്റിലേക്കു ഷാനവാസിന്റെ രണ്ടാം വിജയം. 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയിലെ സത്യൻ മൊകേരിയെയാണ് തെരഞ്ഞെടുപ്പിൽ ഷാനവാസ് വീഴ്ത്തിയത്. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഐയിലെ അഡ്വ.എം. റഹ്മത്തുല്ലയ്ക്കെതിരെ 1,53,439 വോട്ടിനായിരുന്നു ഷാനവാസിന്റ വിജയം.
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലന്പൂർ, വണ്ടൂർ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലത്തെയാകെ സ്പർശിക്കുന്ന വികസനമാണ് ഷാനവാസിന്റെ നേതൃത്വത്തിൽ നടന്നത്. 2009-2014 കാലയളവിൽ 850 കോടി രൂപയുടെ കേന്ദ്ര പദ്ധതികളാണ് വയനാട്ടിൽ നടപ്പിലായത്. മൾട്ടി സെക്ടറൽ ഡവലപ്പ്മെന്റ് പ്രോഗ്രാമിൽ മുഴുവൻ പണവും ചെലവഴിച്ച ഇന്ത്യയിലെ ഏക ജില്ലയും വയനാടായിരുന്നു.
മാനന്തവാടയിലെ ജില്ലാ ആശുപത്രിയിൽ സിടി സ്കാനർ സ്ഥാപിച്ചതും പനമരത്തു തലയ്ക്കൽ ചന്തു സ്മാരകം നിർമിച്ചതും എംപി എന്ന നിലയിൽ ഷാനവാസിന്റെ നേട്ടങ്ങളാണ്. ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം, അരിവാൾരോഗം, വന്യജീവി ആക്രമണം, വരൾച്ച, ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ട് എന്നിങ്ങനെ വയനാടിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഷാനവാസിന് കഴിഞ്ഞു.
വയനാടുമായി ബന്ധപ്പെട്ട പ്രധാന വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാകാതെയാണ് ഷാനവാസ് വിടവാങ്ങിയത്. ശ്രീ ചിത്തിര ഉപകേന്ദ്രം, നഞ്ചൻഗോഡ്-ബത്തേരി-നിലന്പൂർ റെയിൽവേ, വയനാട് ഗവ.മെഡിക്കൽ കോളജ്, താമരശേരി ചുരം ബദൽ റോഡ് എന്നിവയാണ് ഷാനവാസ് നിരന്തര പരിശ്രമം നടത്തിയിട്ടും സഫലമാകാതിരുന്ന മുഖ്യ വികസന പദ്ധതികൾ. നിയമ-സാങ്കേതിക കുരുക്കുകളാണ് ഈ പദ്ധതികൾ പ്രാവർത്തികമാകുന്നതിനു തടസമായത്. ദേശീയപാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ തീർപ്പ് അറിയാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ കോണ്ഗ്രസ് പ്രവർത്തകരെ ഒരു കൂടക്കീഴിൽ നിർത്താനും യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും കെപിസിസി ഭാരവാഹി എന്ന നിലയിൽ ഷാനവാസ് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.
അഡ്വ. ഇബ്രാഹിംകുട്ടി-നൂർജഹാൻ ദന്പതികളുടെ മകനായി 1952ൽ ജനിച്ച ഷാനവാസ് കഐസ്യുവിലൂടെയും പിന്നീട് സേവാദളിലൂടെയുമാണ് പൊതുരംഗത്തു സജീവമായത്. കോണ്ഗ്രസിൽ ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ശ്രദ്ധേയനായി. പാർട്ടിക്കെതിരായ ആസൂത്രിത രാഷ്ട്രീയ ആക്രമണങ്ങളെ മാധ്യമങ്ങളിലൂടെയടക്കം നേരിടുന്നതിൽ പ്രത്യേക വൈഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
പാർലമെന്റിലേക്കു ജനവിധി തേടാൻ വയനാട്ടിൽ എത്തിയതുമുതൽ വയനാട്ടുകാരനെപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഴിഞ്ഞ പ്രളയകാലത്ത്, ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനിടയിലും ജനങ്ങളുടെ കണ്ണീരൊപ്പുന്നതിൽ സജീവമായിരുന്നു അദ്ദേഹം.